ന്യൂഡല്‍ഹി: രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളള കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത മൊത്തം കേസുകളില്‍ 2.98% കേസുകള്‍ മാത്രമാണ് ജനപ്രതിനിധികള്‍ക്കെതിരെയുള്ളതെന്ന് ഇഡി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കേസുകളിലെ ശിക്ഷാ നിരക്ക് 96% ആണെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (PMLA), ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് (FEOA)) എന്നീ മൂന്ന് നിയമങ്ങള്‍ക്ക് കീഴില്‍ 2023 ജനുവരി 31 വരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ഡാറ്റയും ഇഡി പുറത്തുവിട്ടു.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇതുവരെ 5906 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം 2002 (പിഎംഎല്‍എ) പ്രകാരം, പ്രതികളെ വിളിച്ചുവരുത്താനും അവരെ അറസ്റ്റ് ചെയ്യാനും അവരുടെ സ്വത്ത് കണ്ടുകെട്ടാനും കുറ്റവാളികളെ കോടതിയില്‍ വിചാരണ ചെയ്യാനും ഇഡിക്ക് അവകാശമുണ്ട്. പിഎംഎല്‍എ നിയമ പ്രകാരം 2023 ജനുവരി 31 വരെ 5,906 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 2.98%, അതായത് 176 കേസുകള്‍ മാത്രമാണ് എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, എംപിമാര്‍, മുന്‍ എംപിമാര്‍ എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1,142 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും 513 പേരെ അറസ്റ്റ് ചെയ്തതായും ഇഡി പറഞ്ഞു. 25 കേസുകളില്‍ വിചാരണ പൂര്‍ത്തിയായി. 24 കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടതായും ഒരെണ്ണത്തില്‍ പ്രതിയെ വെറുതെവിട്ടതായും ഇഡി അറിയിച്ചു.
Post Your Comments