ന്യൂഡല്‍ഹി: ഭരണ-പ്രതിപക്ഷാംഗങ്ങളുടെ വാക്ക്പോരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റ് ബഡ്ജറ്റ് സമ്മേളനം സ്തംഭിച്ചു. ലണ്ടനിലെ പ്രസംഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം ബി.ജെ.പി കൂടുതല്‍ ശക്തമാക്കി. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയെങ്കിലും രാഹുല്‍ ഇന്നലെ പാര്‍ലമെന്റില്‍ ഹാജരായില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം അദാനി വിഷയത്തിലെ സംയുക്ത പാര്‍ലമെന്ററി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം രാജ്യത്തെ അപമാനിച്ചെന്ന ആരോപണം ബി.ജെ.പി ശക്തമാക്കുന്നത്.
രാഹുലിന്റെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ലോക്സഭാ സ്പീക്കര്‍ക്ക് വീണ്ടും കത്തെഴുതി. പ്രസംഗത്തിനിടെ സ്പീക്കറെയും അപമാനിച്ചതിനാല്‍ രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി സഭയില്‍ ആവശ്യപ്പെട്ടതും ശ്രദ്ധേയമായി.
രാഹുല്‍ ഇന്നലെ സഭയിലെത്തിയില്ല. രാഹുല്‍ മാപ്പുപറയുക, സഭയിലെത്തുക, രാഹുല്‍ രാജ്യത്തെ അപമാനിച്ചു തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ബി.ജെ.പി എം.പിമാര്‍ അദാനി വിഷയത്തിലെ പ്രതിപക്ഷ മുദ്രാവാക്യങ്ങളെ നേരിട്ടത്. ലോക്സഭ രാവിലെ സമ്മേളിച്ചയുടന്‍ ഇരു വിഭാഗങ്ങളും വാക്ക്പോരു തുടങ്ങി. സ്പീക്കറുടെ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാതെയായിരുന്നു മുദ്രാവാക്യങ്ങള്‍. പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി.
തുടര്‍ന്ന് സഭ നിറുത്തിവച്ചു. രണ്ടുമണിക്ക് വീണ്ടും ചേര്‍ന്നപ്പോള്‍ സഭ നിയന്ത്രിച്ച ബി.ജെ.ഡിയുടെ ഭര്‍തൃഹരി മെഹ്താബ് ബഹളത്തിനിടെ കമ്മിറ്റി റിപ്പോര്‍ട്ടുകളുള്‍പ്പെടെ അവതരിപ്പിക്കുന്ന നടപടി പൂര്‍ത്തിയാക്കി. രാഹുലിനെതിരായ പ്രഹ്ളാദ് ജോഷിയുടെ പ്രസ്താവനയ്ക്കു ശേഷം സഭ ഇന്നലത്തേക്ക് പിരിഞ്ഞു. രാജ്യസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസുകള്‍ തള്ളിയതിന് പിന്നാലെ ബഹളം തുടങ്ങി. രാവിലെ നിറുത്തിവച്ച സഭ രണ്ടുമണിക്ക് വീണ്ടും ചേര്‍ന്നപ്പോളും ബഹളം തുടര്‍ന്നതിനാല്‍ ഇന്നലത്തേക്ക് പിരിയുകയായിരുന്നു.
ഇതിനിടെ, അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് പ്രതിപക്ഷ നേതാക്കള്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. രാവിലെ പാര്‍ലമെന്റ് നിറുത്തിവച്ച സമയത്തായിരുന്നു മാര്‍ച്ച്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള മാര്‍ച്ച് പാര്‍ലമെന്റ് മന്ദിരത്തിന് സമീപം വിജയ് ചൗക്കിലാണ് തടഞ്ഞത്. തുടര്‍ന്ന് നേതാക്കള്‍ പാര്‍ലമെന്റിലേക്ക് മടങ്ങി. ശ്രദ്ധേയമായത് തൃണമൂല്‍ കോണ്‍ഗ്രസും എന്‍.സി.പിയും മാര്‍ച്ചില്‍ പങ്കെടുത്തില്ല എന്നതാണ്.
Post Your Comments