ചെന്നൈ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളിയായ പ്രിൻസിപ്പൽ ചെന്നൈയിൽ അറസ്റ്റിൽ. ചെന്നൈയിലെ പ്രശസ്തമായ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിൻസിപ്പൽ ജോര്‍ജ്ജ് എബ്രഹാം ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. സൈദാപേട്ട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്‌ലറ്റ് കൂടിയാണ് ജോർജ്.
ഇയാൾക്കെതിരെ ആദ്യമായിട്ടല്ല ആരോപണമുയരുന്നത്. മുൻപും ഇയാൾ പല പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയിരുന്നു. ജിമ്മിൽ വെച്ചാണ് ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഇയാളുടെ പെരുമാറ്റം പെൺകുട്ടി ചോദ്യം ചെയ്തതോടെ ഭീഷണിയായി. നടന്നത് ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഇയാളുടെ ഭീഷണി. എന്നാൽ, പെണ്‍കുട്ടി മാനേജ്മെന്‍റിനോട് പരാതിപ്പെട്ടു.
മുൻപും സമാനമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് പെൺകുട്ടിയുടെ പരാതി ഗൗരവമായെടുത്ത കോളേജ് മാനേജ്മെന്‍റ് മാര്‍ച്ച് 11 ന് പൊലീസില്‍ പരാതിപ്പെട്ടു. പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രത്യേക പരിശീലനത്തിന്‍റെ പേരില്‍ ജിമ്മിലേക്ക് വിളിച്ചുവരുത്തി ജോര്‍ജ്ജ് എബ്രഹാം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Also Read:സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം
പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ജിം സെഷനിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോട് കൂടി ഇയാൾ സ്പർശിച്ചു. ഇത് കൂടാതെ, സ്പെഷ്യൽ ട്രെയിനിങ്ങിനായി വൈകുന്നേരങ്ങളിൽ ജിമ്മിൽ എത്തുന്ന മറ്റ് പെൺകുട്ടികളോട് ഇയാൾ ക്രഞ്ച് എക്സർസൈസും ലെഗ് എക്സർസൈസും ചെയ്യാൻ ആവശ്യപ്പെടുമായിരുന്നു. പെൺകുട്ടികളോടുള്ള ഇയാളുടെ പെരുമാറ്റവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ജിമ്മിൽ പോകുമ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിനകത്തേക്കുള്ള ഇയാളുടെ തുറിച്ചുനോട്ടം സഹിക്കാനാകില്ലെന്ന പരാതിയും ഉയർന്നിരുന്നു.
നേരത്തെ 22 കാരിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചതിന് ജോര്‍ജ്ജിനെതിരെ കേസ് എടുത്തിരുന്നു. ഈ കേസില്‍ അറസ്റ്റ് ഒഴിവാക്കിയ ജോര്‍ജ്ജ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ജാമ്യം നേടിയ ശേഷം വിദ്യാര്‍ത്ഥികളുടെ കനത്ത പ്രതിഷേധം അവഗണിച്ച് ജോര്‍ജ്ജ് ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് മാനേജ്‌മെന്റിന് ഇയാൾക്കെതിരെ നടപടിയെടുക്കാതിരിക്കാനായില്ല. ഇയാളോട് കുറച്ച് മാസത്തേക്ക് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. ഇതിനു ശേഷം മടങ്ങിയെത്തിയപ്പോഴാണ് പുതിയ സംഭവം. വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുകയും, തനിക്കെതിരെ ഒരു നടപടിയും എടുക്കില്ലെന്ന് ഇവരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥി കൗൺസിലിലെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ ആണ് ഇയാൾക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്.
Also Read:വിട്ടു മാറാത്ത ജലദോഷത്തിന് പിന്നിൽ
കോതമംഗലം സ്വദേശിയാണ് ജോര്‍ജ്ജ് അബ്രഹാം. ഇയാള്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയോട് സെക്സ് ചാറ്റ് നടത്താൻ ശ്രമിക്കുന്നതിന്റെ ഓഡിയോ റെക്കോര്‍ഡ് അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പെൺകുട്ടി പരാതി നൽകിയെങ്കിലും, കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. പ്രിൻസിപ്പലിനെതിരെ ലൈംഗികാതിക്രമ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ഇയാൾക്കെതിരെ നടത്തിയ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾ പറഞ്ഞു.
Post Your Comments