KeralaLatest NewsNews

തനിക്ക് കടക്കാര്‍ സാധനങ്ങള്‍ നിഷേധിക്കുന്നു, സംഘി എന്ന് തോന്നിക്കുന്ന ശരീര ഭാഷ ഉള്ള ഷോപ്പ് ഉടമ തനിക്ക് നീതി നിഷേധിച്ചു

ശബരിമല കയറിയതാണ് ഇവരുടെയൊക്കെ പ്രശ്‌നം, സംഘ പരിവാര്‍ ശരീര ഭാഷയുള്ള കടക്കാരന്‍ സാധനങ്ങള്‍ നിഷേധിച്ചു, കേരളത്തില്‍ നിന്ന് ഓടിപ്പോകാന്‍ തോന്നുന്നു: ബിന്ദു അമ്മിണി

കോഴിക്കോട്; ശബരിമലയില്‍ പോയതിനു ശേഷം തനിക്ക് എല്ലാവരും നീതി നിഷേധിക്കുന്നതായി ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. താനൊരു ദളിത് വിഭാഗത്തില്‍ നിന്നുള്ള ആളായതുകൊണ്ടായിരിക്കാം ഇങ്ങനെ പെരുമാറുന്നതെന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലാണ് നീതി നിഷേധത്തെ കുറിച്ച് അവര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്.

Read Also; പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു : സംഭവം അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനു ബാധ്യത ഉള്ള പോലീസു തന്നെ ദളിത് വിരുദ്ധ നിലപാട് ഉള്ളവര്‍ ആണെങ്കിലോ. പിന്നെ ഈ നിയമം ആര് നടപ്പാക്കും. ഇന്ന് കോഴിക്കോട് കോമ്പാസ്സ് എന്ന ഷോപ്പില്‍ നിന്നും 4750 രൂപയുടെ സാധനങ്ങള്‍ ഞാന്‍ എടുത്തു ബില്ലിടാന്‍ ആയി നല്‍കി. Justitia collection എന്ന retail സ്ഥാപനത്തിലേക്കു ആണ് സാധനങ്ങള്‍വാങ്ങിയത്. ബില്‍ ഇട്ടുകൊണ്ടിരിക്കുമ്പോള്‍ ജീവനക്കാരില്‍ ഒരാള്‍ വന്ന് എന്നോട് പറഞ്ഞു ഈ സാധനങ്ങള്‍ മാത്രമായി തരാനാവില്ല എന്ന് മുതലാളി പറഞ്ഞത്രേ’.

‘ഈ ഷോപ്പിലെ ഉടമസ്ഥര്‍ ഇതിന് മുന്‍പൊന്നും ഞാന്‍ എത്ര രൂപയുടെ സാധനങ്ങള്‍ വാങ്ങി എന്നൊന്നും നോക്കിയിട്ടില്ല. അതെല്ലാം ജീവനക്കാര്‍ ആണ് നോക്കിയിരുന്നത്.
സംഘ പരിവാര്‍ അനുകൂലിഎന്ന് തോന്നിക്കുന്ന ശരീര ഭാഷ ഉള്ള ഷോപ്പ് ഉടമയോട് ഞാന്‍ ഇതിന് മുന്‍പ് പല തവണ ഇതേ ഷോപ്പില്‍ നിന്നും 5000, 10000 രൂപയ്ക്ക് ഒക്കെ സാധനങ്ങള്‍ വാങ്ങിയിരുന്നല്ലോ, എന്തുകൊണ്ടാണ് ഇന്ന് സാധനങ്ങള്‍ തരാത്തത് എന്ന് ചോദിച്ചു.
കൂടുതല്‍ സാധനങ്ങള്‍ എടുത്താലേ തരാന്‍ സാധിക്കൂ എന്നാണ് അയാള്‍ പറഞ്ഞത്. ജീവനക്കാര്‍ അക്കാര്യം സൂചിപ്പിച്ചിരുന്നില്ലല്ലോ എന്നും ഞാന്‍ ശബരിമല കയറിയതാണോ എനിക്ക് സാധനങ്ങള്‍ നിഷേധിക്കാന്‍ കാരണം എന്നും ഞാന്‍ ചോദിച്ചു.
അയാള്‍ നടത്തുന്ന കടയില്‍ നിന്നും ആര്‍ക്കു കൊടുക്കണം, അല്ലെങ്കില്‍ കൊടുക്കേണ്ട എന്നത് അയാള്‍ ആണ് തീരുമാനിക്കുന്നത് എന്നാണ് മറുപടി പറഞ്ഞത്’

‘രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണെങ്കില്‍ നിയമം അനുസരിക്കേണ്ടതാണ് എന്നും, പട്ടികജാതി വിഭാഗത്തില്‍ പെട്ട എനിക്ക് ഷോപ്പില്‍ നിന്നും സാധനങ്ങള്‍ നിഷേധിക്കുന്നത് കുറ്റകൃത്യം ആണെന്നും ഞാന്‍ പറഞ്ഞപ്പോഴും അയാളുടെ സ്ഥാപനത്തില്‍ നിന്നും ആര്‍ക്കു കൊടുക്കണം എന്ന് അയാള്‍ ആണ് തീരുമാനിക്കുന്നത് എന്നാണ് പറഞ്ഞത്. ഈ സമയത്തു ഞാന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെ വിളിച്ചറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പോലീസ്, ഷോപ്പുടമയുടെ വാക്ക് കേട്ട് എന്നോട് സംസാരിക്കുകയാണ് ഉണ്ടായത്’

‘എന്നാല്‍ സാധനങ്ങള്‍ ലഭിക്കാതെ ഞാന്‍ അവിടെ നിന്നും ഇറങ്ങില്ല എന്ന ശക്തമായ നിലപാട് എടുത്തതോടെ മാത്രമാണ് പോലീസ് എനിക്ക് നീതി ലഭ്യമാക്കാന്‍ ഇടപെട്ടത്.
ഈ സാഹചര്യത്തില്‍ ചിലതു പറയാതിരിക്കാന്‍ ആവില്ല.
കേരളം ആദിവാസി വിരുദ്ധവും ദളിത് വിരുദ്ധവുമായ ഒരു സംസ്ഥാനം തന്നെ ആണ്. കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന പ്രതികളില്‍ ഭൂരിഭാഗവും ആദിവാസികളും, ദളിതരും മുസ്ലീങ്ങളും ആകുന്നതു കുറ്റകൃത്യം ചെയ്യുന്നവര്‍ അധികവും ഈ വിഭാഗത്തില്‍ നിന്നുള്ളവര്‍ ആയത് കൊണ്ടല്ല. അധികാരവും പണവും ജാതി പ്രിവിലേജും ഉള്ളവര്‍ക്കു നിരവധി പരിരക്ഷകള്‍ ലഭിക്കുന്നത് കൊണ്ടാണ്’.

ആദിവാസിയും ദളിതനും ഇരകള്‍ ആക്കപ്പെടുന്ന കേസുകളില്‍ FIR രജിസ്റ്റര്‍ ചെയ്യപ്പെടണം എങ്കില്‍ പോലും dysp ഓഫീസ് മാര്‍ച്ച് നടത്തേണ്ട സാഹചര്യം ആണ്. വയനാട് ജില്ലയില്‍ എത്തിയപ്പോള്‍ പോലീസിലെ വിവേചനം കൂടുതല്‍ ബോധ്യപെട്ടതാണ്. അവിടെ ആദ്യ സമയത്തു എനിക്ക് പ്രൊട്ടക്ഷന്‍ ആയി ഡ്യൂട്ടിയില്‍ എത്തിയിരുന്നതു ജാതി നോക്കി ആയിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ തുടര്‍ച്ച ആയി ഡ്യൂട്ടിയില്‍ വരുന്നത് ആദിവാസി വിഭാഗത്തില്‍ നിന്നും ഉള്ള പോലീസുകാര്‍ മാത്രമാണ്. ഇതില്‍ സംശയം തോന്നിയ ഞാന്‍ സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തില്‍ എനിക്ക് ബോധ്യപ്പെട്ടു ആദിവാസി വിഭാഗത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ പ്രത്യേകിച്ച് വനിതകള്‍ അനുഭവിക്കുന്ന വിവേചനം. എന്നാല്‍ അവരോടു ചോദിച്ചിട്ട് അവര്‍ അതിനെ കുറിച്ചു യാതൊന്നും പറയാന്‍ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത’.

‘പുറത്തു പോകേണ്ട റിസ്‌ക് ഉള്ള ഡ്യൂട്ടികള്‍ അവര്‍ക്കു നല്‍കുന്നു. അടുത്ത ദിവസം ഓഫ് ലഭിക്കാന്‍ സാധ്യത ഉള്ള ഡ്യൂട്ടികള്‍ അവര്‍ക്കു കൂടുതല്‍ ആയി നല്‍കാറും ഇല്ല.
ആദിവാസികള്‍ ആയ സഹോദരങ്ങള്‍ എനിക്കൊപ്പം ഡ്യൂട്ടിക്ക് എത്തുന്നത് എനിക്ക് സന്തോഷം ഉള്ള കാര്യമാണ്. എന്നാല്‍ അവരുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോള്‍ ദളിത് ആയ എനിക്ക് ഒപ്പം നില്‍ക്കേണ്ടത് അവരെ മാത്രം തെരഞ്ഞു പിടിച്ചു ഏല്‍പ്പിക്കുന്നു എന്നത് അനീതി ആണ്.
സ്റ്റേഷന്‍ സ്ട്രെഗ്ത് അല്ല എന്നതാവും പറയാന്‍ പോകുന്നത് അങ്ങനെ അല്ലാത്തവര്‍ ആദിവാസികള്‍ അല്ലാത്തവരും ഉണ്ടല്ലോ. ഇങ്ങനെ ഇങ്ങനെ ജാതി വിവേചനം നിറഞ്ഞു തുളുമ്പിയ സംസ്ഥാനം തന്നെ ആണ് കേരളം എന്നതില്‍ സംസാരിക്കേണ്ട.
ഇവിടം വിട്ടു ഓടി പോവുക എന്നല്ലാതെ എന്ത് പറയാന്‍’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button