യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച ടിടിആറിനെ പിരിച്ചുവിട്ടു. മുന്ന കുമാര്‍ എന്നയാളെയാണ് റെയില്‍വേ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. അമൃത്സര്‍-കൊല്‍ക്കത്ത ട്രെയിനില്‍ മാര്‍ച്ച് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കാരിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് മദ്യലഹരിയിലായിരുന്ന മുന്ന കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ജിആര്‍പി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാര്‍ച്ച് 13 ന് അര്‍ദ്ധരാത്രിയോടെയാണ് സംഭവം. യുവതി ഭര്‍ത്താവ് രാജേഷിനൊപ്പം എ1 ട്രെയിന്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. ബിഹാറിലെ ബെഗുസാരായി നിവാസിയായ മുന്ന കുമാറായിരുന്നു ട്രെയിനിലെ ടിടിഇ. യുവതി ഉറങ്ങിക്കിടക്കുന്നതിനിടെ ഇയാള്‍ യുവതിയുടെ തലയില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതി ബഹളമുണ്ടാക്കുകയും ടിക്കറ്റ് ചെക്കറെ സഹയാത്രികര്‍ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതിയെ പുറത്താക്കിയതായി അറിയിച്ച് നോട്ടീസ് പങ്കുവെച്ചു. സ്ത്രീകളോട് അനാദരവ് കാണിച്ച നിങ്ങളുടെ പെരുമാറ്റം ഗുരുതരമായ ദുഷ്പെരുമാറ്റമാണെന്നും അത് നിങ്ങള്‍ക്ക് മാത്രമല്ല റെയില്‍വേയ്ക്ക് തന്നെ മോശമാണെന്നും മുന്ന കുമാറിന് അയച്ച നോട്ടീസില്‍ നോര്‍ത്തേണ്‍ റെയില്‍വേ പറഞ്ഞു.
Post Your Comments