
കൊച്ചി: കെട്ടടങ്ങാതെ ബ്രഹ്മപുരം വിഷയം. ബ്രഹ്മപുരത്തെ വിഷപ്പുകയിൽ പ്രതികരിക്കാത്ത ഇടത് സാംസ്കാരിക പ്രവർത്തകരെയും നായകന്മാരെയും കടുത്ത ഭാഷയിലാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്. മമ്മൂട്ടി മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ പ്രതികരണം വന്നതിന് പിന്നാലെ, സംവിധായകൻ ആഷിഖ് അബുവും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, ആഷിഖ് അബുവിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
ബ്രഹ്മപുരം വിഷയത്തെ അടിസ്ഥാനമാക്കി ‘സ്മോക്’ എന്ന പേരിൽ പുതിയ സിനിമയുമായി ആഷിഖ് അബു വരുമെന്നാണ് രാഹുലിന്റെ പരിഹാസം. മാതൃഭൂമിയുടെ സൂപ്പർ പ്രൈം ടൈം ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ആഷിഖ് അബുവിന് നേരെ പരിഹാസവുമായി രംഗത്തെത്തിയത്. ബ്രഹ്മപുരം വിഷയത്തിലായാലും മറ്റ് വിഷയങ്ങളിലായാലും സി.പി.എം പ്രവർത്തകരുടെ വാഴ്ത്തിപ്പാടലുകൾ ആദ്യം അവസാനിപ്പിക്കണമെന്ന് രാഹുൽ പറയുന്നു.
Also Read:താമരശേരി ചുരത്തില്‍ ഓവുചാലിലേക്ക് ലോറി മറിഞ്ഞ് അപകടം
‘സി.പി.എമ്മുകാർ വാഴ്ത്തിപ്പാടുന്നത് നിർത്തണം. സി.പി.എം പണ്ട് പണികൊടുത്ത് വിട്ട ഏതോ ഒരുത്തൻ അമേരിക്കയിൽ പോയി രക്ഷപ്പെട്ടിട്ടുണ്ട്. അവൻ ശബ്ദം മാറ്റി ഓരോ മന്ത്രിമാരെയും ഇടയ്ക്കിടയ്ക്ക് വിളിക്കും. ഏറ്റവും ഒടുവിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനെ വിളിച്ച് നിങ്ങൾ ചെയ്തതെല്ലാം ശെരിയാണെന്ന് പറഞ്ഞു. മുൻപ് ശൈലജ ടീച്ചറെ വിളിച്ച്, അവിടെ മാസ്കും ഓക്സിജൻ സിലിണ്ടറും ഉണ്ടോ? ഉണ്ടെങ്കിൽ കുറച്ച് ഇങ്ങോട്ട് കൊടുത്ത് വിടാൻ പറഞ്ഞു. അതേ ആള് തന്നെ ശബ്ദം മാറ്റി മുഹമ്മദ് റിയാസിനെ വിളിച്ച് ‘ന്യൂയോർക്കിലെ റോഡുകളെല്ലാം മോശമാണെന്നും കേരളത്തിലേത് അടിപൊളി ആണെന്നും’ പറഞ്ഞു.
ഇവർ പണികൊടുത്ത് രക്ഷപ്പെട്ട ഏതോ ഒരുത്തൻ അമേരിക്കയിൽ ഉണ്ട്. അവനെ ദയവ് ചെയ്ത് വിശ്വസിക്കുകയാണ്. അവൻ നിങ്ങളെയെല്ലാം പറ്റിക്കുകയാണ്. ഏത് ദുരന്തത്തെയാണ് സി.പി.എം ശരിയായി നേരിട്ടിട്ടുള്ളത്? ഏറ്റവും വലിയ തെറ്റുകൾ ചെയ്താലും അതിനകത്ത് നിന്നും എന്തെങ്കിലും ഒരു നല്ല കാര്യം എടുത്ത് വാഴ്ത്തിപ്പാട്ടുമായി നടക്കുന്ന സാംസ്കാരിക സംഘങ്ങളും ഇവിടെയുണ്ട്. ആദ്യത്തേത് നിപ, വൈറസ് എന്ന് പറയുന്ന സിനിമയൊക്കെ ഇറക്കി. ഇനി സ്മോക്ക് എന്ന് പറയുന്ന സിനിമ ആഷിഖ് അബു ഇറക്കും. പ്രളയമുണ്ടായി, സർക്കാർ ഉണ്ടാക്കിയ പ്രളയം. സർക്കാർ എന്ത് ചെയ്തു? മത്സ്യബന്ധന തൊഴിലാളികൾ ആണ് എല്ലാം ചെയ്തത്. കോവിഡ് സമയത്ത് മരണങ്ങൾ പൂഴ്ത്തിവെച്ചു. എന്നിട്ട് നമ്പർ വൺ ആണെന്ന് പറയുന്നു’, രാഹുൽ പറയുന്നു.
അതേസമയം, ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സംവിധായകന് ആഷിഖ് അബു രംഗത്ത് വന്നിരുന്നു. നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാന്‍ ഉയര്‍ന്നുവന്ന വാദങ്ങൾ അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു ആഷിഖ് അബുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവും തുടർന്നുണ്ടായ വിഷപ്പുകയും കാണാത്ത, കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന, അവിടെയൊന്നും സംഭവിച്ചിട്ടില്ലെന്ന് ന്യായീകരിക്കുന്ന സൈബർ സഖാക്കളെയും മന്ത്രിമാരെയും അടക്കം പരിഹസിച്ചുകൊണ്ടുള്ള കുറിപ്പാണ് ആഷിഖ് അബു തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
Post Your Comments