പാലക്കാട്: ഗര്‍ഭിണിയായ പഞ്ചായത്തംഗത്തെ വീട്ടില്‍കയറി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തു. മുതലമട പഞ്ചായത്ത് അംഗം സി.രാധയാണ് പരാതി നല്‍കിയത്. സി. രാധ (27), ഭര്‍ത്താവ് സുധീഷ് (30), ഭര്‍തൃമാതാവ് സുലോചന (51), പിതാവ് കൃഷ്ണന്‍കുട്ടി (54) എന്നിവരെ മർദ്ദിച്ച സംഭവത്തിലാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഒമ്പതംഗ സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ആക്രമണത്തിൽ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകീട്ട് സുധീഷിന്റെ അമ്മാവന്റെ മകന് സനൂഷ് സഞ്ചരിച്ച ബൈക്കും മുതലമട പള്ളത്തെ യുവാക്കള്‍ സഞ്ചരിച്ച മറ്റൊരു ബൈക്കും മുതലമട നിലംപതിയില്‍ കൂട്ടിയിടിച്ചിരുന്നു. സനൂഷിന്റെ താടിയെല്ലിനും കൂടെയുണ്ടായിരുന്ന മലപ്പുറം സ്വദേശിയുടെ കാലിന്റെ എല്ലിനും പൊട്ടല്‍ ഉണ്ടായി. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൈയേറ്റത്തിലെത്തിയത്.
ഒത്തുതീര്‍പ്പിനെന്ന പേരില്‍ വീട്ടിലെത്തിയ സംഘം ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. സൈക്കിള്‍ ചെയിന്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
Post Your Comments