ചെറായി: ഡോക്ടറെ കാണാനെന്ന വ്യാജേന മുനമ്പം ആശുപത്രിയിലെത്തി എട്ട് ഡയാസെപാം ആംപ്യൂളുകൾ കവർന്ന യുവാവ് പൊലീസ് പിടിയിൽ. നായരമ്പലം പരിക്കാട് വീട്ടിൽ അജയകുമാർ (29) ആണ് അറസ്റ്റിലായത്.
ഇയാൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നു പോലും നൽകാത്ത വേദന സംഹാരികളാണ് മോഷ്ടിച്ചത്. ആദ്യദിനം ആശുപത്രിയിൽ എത്തിയ യുവാവ് ഒപി ടിക്കറ്റ് വാങ്ങി വിസിറ്റേഴ്സ് ലോഞ്ചിലിരുന്ന് മരുന്നു സൂക്ഷിക്കുന്ന ഇടവും നഴ്സുമാരുടെ നീക്കങ്ങളും നിരീക്ഷിച്ച ശേഷം മറ്റൊരു ദിവസമെത്തി മോഷണം നടത്തുകയായിരുന്നു.
Read Also : പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രം, കോടികളുടെ നിക്ഷേപം ഉടൻ നടത്തും
മോഷണം നടന്നതായി സംശയം തോന്നിയ ജീവനക്കാർ സ്റ്റോക്ക് പരിശോധിച്ചപ്പോൾ കുറവു കണ്ടെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് കേസെടുത്ത് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതിയെ അന്വേഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും മോഷണം നടത്താനായി ആശുപത്രിയിലെത്തിയതിനെ തുടർന്ന്, ജീവനക്കാർ മുനമ്പം പൊലീസിനെ അറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
സിഐ എ.എൽ. യേശുദാസ്, എസ്ഐമാരായ ടി.എസ്. സനീഷ്, എം. അനീഷ്, എ എസ് ഐ ടി.എസ്. സിജു എന്നിവരെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments