സുരേഷ് ഗോപിയെന്ന മനുഷ്യസ്നേഹിയെ എല്ലാവർക്കും അറിയാവുന്നതാണ്. സഹായമഭ്യർത്ഥിച്ച് ആര് വന്നാലും അദ്ദേഹം തന്നാൽ കഴിയും വിധം സഹായം നൽകാറുമുണ്ട്. രാഷ്ട്രീയ നിലപാടുകൊണ്ട് ഏറെ ട്രോൾ ചെയ്യപ്പെടാറുണ്ടെങ്കിലും, സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനങ്ങളെ ആരും വിമർശിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ കുറച്ച് നാളുകളായി സുരേഷ് ഗോപിക്ക് ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കുന്ന സ്വീകാര്യത സി.പി.എമ്മിനെയും നേതാക്കളെയും ആശങ്കപ്പെടുത്തുന്നുണ്ടെന്ന് പറയാതെ വയ്യ. സി.പി.എം സംസ്ഥാന സെക്രട്ടറി എം,വി ഗോവിന്ദന്റെ വാക്കുകൾ അതിനുദാഹരണമാണ്.
സുരേഷ് ഗോപിയുടെ ചാരിറ്റി രാഷ്ട്രീയം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്നും എന്തൊക്കെ ചെയ്താലും തൃശൂർ പിടിക്കാൻ സുരേഷ് ഗോപിക്ക് കഴിയില്ലെന്നുമായിരുന്നു ഗോവിന്ദൻ പറഞ്ഞത്. ചാരിറ്റിയെ രാഷ്ട്രീയമായി കൂട്ടുന്നത് ശരിയല്ലെന്നും, അത് തെറ്റാണെന്നും ഗോവിന്ദൻ വിമർശിച്ചിരുന്നു.
ഗോവിന്ദൻ പറഞ്ഞത്:
‘ചാരിറ്റിയെ രാഷ്ട്രീയമാക്കാൻ ശ്രമിച്ചാൽ അത് പിന്നെ ചാരിറ്റി അല്ല. തൃശ്ശൂരില്‍ ബി.ജെ.പി.യുടെ വോട്ടുശതമാനം ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനം എന്നത് സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ബി.ജെ.പി.യുടെ നീക്കം കേരളത്തിലെ ഉത്ബുദ്ധരായ വോട്ടര്‍മാര്‍ക്ക് മനസ്സിലാകും. വോട്ടര്‍മാര്‍ അതിനെ കൈകാര്യം ചെയ്യും. മുന്‍പും ചെയ്തിട്ടുണ്ട്. ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണ്. ചാരിറ്റിയെ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചാല്‍ അതുപിന്നെ ചാരിറ്റിയല്ല, രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയ പ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂ. തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ല’.
ഗോവിന്ദന്റെ വിമർശനം സുരേഷ് ഗോപിയുടെ ചെവിയിലുമെത്തി. വിമർശനത്തിന് പകരം, പരിഹസിക്കുകയാണ് അദ്ദേഹം ചെയ്തത്. കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കുമെന്ന് അദ്ദേഹം കടുപ്പിച്ച് പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഗോവിന്ദന് സുരേഷ് ഗോപി നൽകിയ മറുപടി:
‘ഏതു ഗോവിന്ദൻ വന്നാലും ശരി തന്നെ, ഗോവിന്ദാ…തൃശൂർ ഇനിയും ഞാൻ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂർക്കാരെ നിങ്ങൾ എനിക്ക് തരണം. ബ്രഹ്മപുരത്തെ പ്രശ്നം പരിഹിക്കാന്‍ കേന്ദ്രത്തിന്റെ സഹായം ചങ്കൂറ്റത്തോടെ ആവശ്യപ്പെടാന്‍ കേരള സര്‍ക്കാരിനോട് കാല് പിടിച്ച് അപേക്ഷിക്കുകയാണ്. 2019ല്‍ അമിത് ഷാ തൃശൂരില്‍ വന്ന് എന്നെ കെട്ടിപ്പിടിച്ച് വിജയിക്കണം എന്ന് പറഞ്ഞതിന് എന്റെ ഹൃദയത്തില്‍ നിന്ന് വന്ന അപേക്ഷയായിരുന്നു ഈ തൃശൂര്‍ എനിക്ക് വേണം എന്ന് പറഞ്ഞത്. വീണ്ടും ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. എനിക്ക് തൃശൂര്‍ തരണം. നിങ്ങള്‍ തന്നാല്‍ ഞാനെടുക്കും.
സി.പി.എം ഇനിയും തന്നെ ട്രോളട്ടെ. ദൈവത്തിലും പ്രാര്‍ത്ഥനയിലും ഒന്നും വിശ്വാസമില്ലാത്ത വിശ്വാസികളുടെ ചട്ടയെടുത്ത് അണിഞ്ഞ് കൂടെനടന്ന് പിന്നില്‍നിന്ന് കൊത്തിയ കോമരങ്ങളെയാണ് താന്‍ ശപിക്കുമെന്ന് പറഞ്ഞത്. നിരീശ്വരവാദികളെയോ അവിശ്വാസികളെയോ അല്ല. ഇരട്ടച്ചങ്ക് ഉണ്ടായത് ലേലത്തിലാണ്. അതിന് ശേഷം വന്ന ചില ഓട്ടച്ചങ്കുകളാണ് ഇപ്പോള്‍ ഇരട്ടച്ചങ്ക് ചമഞ്ഞുനടക്കുന്നത്. 2024ല്‍ ഞാനിവിടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ തന്റെ രണ്ട് നേതാക്കളാണ് ആ തീരുമാനമെടുക്കുന്നത്. അതിന് മറ്റൊരാള്‍ക്കും അവകാശമില്ല. തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍ തരൂ, ഞാന്‍ തയ്യാറാണ്. വിഷുവിന് വീണ്ടും കൈനീട്ടവുമായി വരും. പലരും കാലില്‍ വീണുതൊട്ടു തൊഴുവും. ഞാന്‍ തടയില്ല. പക്ഷേ ആരും അത് ചെയ്യേണ്ടതില്ല’.
Post Your Comments