Latest NewsKerala

സൂര്യനുതാഴെ ഏത് പുല്ലന്‍ വന്നാലും ഇത് തടയാന്‍ പറ്റില്ല; അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ എം.എം. മണി

മൂന്നാര്‍: മൂന്നാറിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ സര്‍ക്കാരിനെയും കോടതിയേയും വെല്ലുവിളിച്ച് സി.പി.എം. റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. സൂര്യന് താഴെയുള്ള ഒരു ശക്തിക്കും പാര്‍ക്ക് നിര്‍മാണം തടയാനാകില്ലെന്ന് മുന്‍ മന്ത്രി എം.എം. മണി വ്യക്തമാക്കി. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

‘ഏത് പുല്ലന്‍ വന്നാലും ഇത് തടയാന്‍ പറ്റില്ല. അതാണ്. ആര് തടയാന്‍ വന്നാലും നമ്മള്‍ നിര്‍മാണം പുനരാരംഭിക്കും. നിങ്ങള്‍ പാര്‍ക്കിന്റെ പണി നടത്തണം. അവിടെ ടൂറിസ്റ്റുകളെ സ്വീകരിക്കണം. നല്ല ഭംഗിയായി അത് നടത്തണം. സൂര്യനുതാഴെ ഏതവന്‍ പറഞ്ഞാലും അതൊന്നും നമ്മള്‍ സ്വീകരിക്കേണ്ട കാര്യമില്ല. തടയാന്‍ ആര് വന്നാലും വഴങ്ങാന്‍ പാടില്ല. നടത്തുകതന്നെ ചെയ്യണം. പിന്നെ എന്തുചെയ്യണമെന്നൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അത് പറയേണ്ട കാര്യമില്ല’ – എം.എം മണി പറഞ്ഞു.

വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള, പഴയമൂന്നാറിലെ ഹൈഡല്‍ പാര്‍ക്കിനുള്ളിലെ നാല് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് മൂന്നാര്‍ സഹകരണ ബാങ്ക് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിക്കാനൊരുങ്ങുന്നത്. സി.പി.എമ്മാണ് മൂന്നാര്‍ സഹകരണ ബാങ്ക് ഭരിക്കുന്നത്. എന്നാല്‍ ഇത് റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി. ഇല്ലാതെയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാജാറാം ഹൈക്കോടതിയെ സമീപിച്ചു. ഈ കേസില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് റവന്യൂ അഡീഷ്ണല്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി. നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. പിന്നീട് സബ് കളക്ടറും സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍, മൂന്നാറിന്റെ സമഗ്ര വികസനത്തിന് പാര്‍ക്ക് അത്യാവശ്യമാണെന്നും ഇത് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. സഞ്ചാരികള്‍ക്കായി കൂടുതല്‍ വിനോദോപാധികള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മൂന്നാറിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും ബാങ്ക് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button