കോഴിക്കോട്: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. കേസിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. പീഡനത്തിനിരയായ യുവതി നൽകിയ പരാതിയിൽ പ്രതികൾ മലപ്പുറം സ്വദേശികളാണെന്ന് സൂചിപ്പിച്ചിരുന്നു.
ഇതേതുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. മൂന്നിയൂർ, തിരൂരങ്ങാടി സ്വദേശികളായ 50 വയസോളം പ്രായമുള്ള പ്രതികളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്തി പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. പ്രതിയെ യുവതിയുമായി ബന്ധിപ്പിച്ചയാളെയും പോലീസ് അന്വേഷിക്കുന്നുണ്ട്. സിനിമാ-സീരിയൽ നടിയുടെ ഒത്താശയോടെയാണ് യുവതിയെ പ്രതികൾ പരിചയപ്പെട്ടതെന്ന സംശയം പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ നടിയിൽ നിന്ന് പോലീസ് മൊഴിയെടുത്തതായും സൂചനയുണ്ട്.
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി രണ്ട് പേർ മയ ,, ക്കുമരുന്ന് കലർന്ന ജ്യൂസ് നൽകി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. നടിയുടെ നിർദേശപ്രകാരമാണ് ഓഡിഷനിൽ പങ്കെടുക്കാൻ പോയതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടിയെ കൂടുതൽ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. മാർച്ച് നാലിനാണ് തന്നെ രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചതായി യുവതി പരാതി നൽകിയത്.
സിനിമയിൽ അഭിനയിക്കാമെന്ന് വിശ്വസിപ്പിച്ച് സീരിയൽ നടി യുവതിയെ കോഴിക്കോട് നഗരത്തിലെ ഫ്‌ളാറ്റിൽ എത്തിച്ചതായി പരാതിയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രശസ്തിയുള്ള നടി ആയതിനാൽ ഇതിൽ തട്ടിപ്പ് ഉണ്ടെന്ന് തനിക്ക് തോന്നിയില്ലെന്നും യുവതി പറയുന്നു. ഫ്ലാറ്റിൽ എത്തിയപ്പോൾ അവിടെ രണ്ടു പേർ ഉണ്ടായിരുന്നു. ഫ്‌ളാറ്റിലുണ്ടായിരുന്നവർ സിനിമാപ്രവർത്തകരായ യുവതിയെ പരിചയപ്പെട്ടു. തനിക്ക് ബലമായി ലഹരി കലർത്തിയ ജ്യൂസ് നൽകിയതായും യുവതി പരാതിയിൽ പറയുന്നു.
ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായും യുവതി പറയുന്നു. അതുവരെ കൂടെയുണ്ടായിരുന്ന നടിയെ കാണാതായെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏറെ മണിക്കൂറുകൾക്ക് ശേഷം അവശയായ യുവതിയെ ആശുപത്രിക്ക് മുന്നിൽ പ്രതികൾ ഇറക്കി വിട്ടിട്ട് കടന്നു കളഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ഒളിവിൽ പോയി. കേസിന്റെ തുടർ അന്വേഷണം ടൗൺ എ.സി.പി. ബിജുരാജിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഇപ്പോൾ പ്രതികളെ കണ്ടെത്തിയെന്നാണ് സൂചന. ഇവരെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments