കൊച്ചി: ബ്രഹ്മപുരത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും 80 ശതമാനത്തോളം തീ അണച്ചുകഴിഞ്ഞെന്നും മന്ത്രിമാരായ പി രാജീവും എം ബി രാജേഷും പറഞ്ഞു. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും 82 ദിവസം നീണ്ടുനിൽക്കുന്ന പുതിയ കർമപരിപാടിക്ക് ഇന്ന് തുടക്കം കുറിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.
ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. ബ്രഹ്മപുരം തീ എപ്പോൾ അണയ്ക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സമാനതകളില്ലാത്ത അനുഭവമാണിത്, പാഠം ഉൾക്കൊണ്ടുള്ള പ്രവർത്തനം രൂപീകരിക്കും. നിലവിൽ ആറടിയോളം താഴ്ചയിൽ തീപടർന്നിട്ടുണ്ട്. അതുകൊണ്ട്, തീയണച്ച് റിപ്പോർട്ട് തരുമ്പോൾ തന്നെ, വീണ്ടും തീപടരാനിടയുണ്ട്.
ഇതുവരെ തീ പടരുന്നത് നിയന്ത്രിക്കാൻ എല്ലാ വകുപ്പുകളും കൂട്ടായി പ്രവർത്തിക്കുകയാണ്. സാധ്യമാകുന്ന എല്ലാ പ്രവർത്തനവും സർക്കാർ ഏകോപിപ്പിച്ചിട്ടുണ്ട്. ഇതൊരു വലിയ പാഠമാണെന്നും പി രാജീവ് പറഞ്ഞു. തീപിടിത്തം ഉണ്ടായ ഉടനെ മേയറുമായി ബന്ധപ്പെട്ടു. അപ്പോൾ, ആ രീതിയിൽ ഇടപെടേണ്ട ഗൗരവമില്ലെന്നാണ് അറിയിച്ചത്. അവരെ അതിന് കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം നേരത്തെ മൂന്ന് തവണ തീ പിടിച്ചിരുന്നു. അത്, നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. സമാനതകളില്ലാത്ത അനുഭവമാണിത്.’- രാജീവ് കൂട്ടിച്ചേർത്തു.
Post Your Comments