കരിപ്പൂർ: മലപ്പുറത്ത് വീണ്ടും സ്വർണ വേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് യുവാക്കൾ കടത്താൻ ശ്രമിച്ചത് ഒരു കോടി രൂപയുടെ സ്വർണം. മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. സഹീദ്, മിർഷാദ് എന്നീ യുവാക്കളെയാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. രണ്ട് വ്യത്യസ്തമായ സംഭവങ്ങളിലാണ് അറസ്റ്റ്.
എയർ ഇന്ത്യ വിമാനത്തിൽ അബുദാബിയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ മിർഷാദിൽ നിന്നും 965 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. മൂന്ന് ക്യാപ്സൂൾ ആയിട്ടായിരുന്നു മിർഷാദ് സ്വർണം തന്റെ മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. നിലമ്പൂർ സ്വദേശിയായ ഇയാളുടെ നടത്തത്തിൽ പന്തികേട് തോന്നിയ ഉദ്യോഗസ്ഥർ പിടിച്ച് നിർത്തി പരിശോധിക്കുകയായിരുന്നു. സ്വർണം പറയുന്ന സ്ഥലത്ത് എത്തിച്ചാൽ 50000 രൂപ നൽകാമെന്നായിരുന്നു മിർഷാദിന് ലഭിച്ച വാഗ്ദാനം.
ജിദ്ദ വഴി റിയാദിൽ നിന്നും കോഴിക്കോട് വന്നിറങ്ങിയ സഹീദിൽ നിന്നും പിടിച്ചെടുത്തത് നാല് ക്യാപ്സൂൾ സ്വർണമാണ്. 1174 ഗ്രാം തൂക്കം വരുന്ന നാല് ക്യാപ്സൂൾ തന്റെ മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു സഹീദ് വിമാനത്താവളത്തിൽ വന്നിറങ്ങിയത്. സ്വർണക്കടത്തിന് കാരിയറായ സഹീദിന് 30000 രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇരുവരെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments