ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്.
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.
പലരിലും ഫാറ്റി ലിവർ രോഗലക്ഷണങ്ങളില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്നു. ഇതുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
രോഗം പുരോഗമിക്കുമ്പോൾ, ചർമ്മത്തില്‍ മഞ്ഞനിറം ഉണ്ടാകാം. കരളിന്റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ബിലിറൂബിന്‍ അമിതമായി ചര്‍മ്മത്തിന് താഴെ അടിഞ്ഞു കൂടും. ഇതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്.
അടിവയറ്റിലെ വീക്കം, വീര്‍ത്ത വയര്‍ എന്നിവയാണ് ചിലരെ ബാധിക്കുന്ന ലക്ഷണങ്ങള്‍. അമിതമായി മദ്യപിക്കുന്നവര്‍ക്ക് വയര്‍ വല്ലാതെ വീര്‍ത്ത് വരുന്നതായി തോന്നിയാല്‍ ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്.
ചിലരില്‍ വയര്‍ വേദന, മനംമറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളും ഫാറ്റി ലിവറിന്റെ ഭാഗമായി ഉണ്ടാകാം. വയറിന്റെ വലത്ത് വശത്ത് മുകളിലായാണ് വേദന സാധാരണ ഉണ്ടാവുക.
രക്തസ്രാവം ആണ് ചിലരില്‍ കാണുന്ന മറ്റൊരു ലക്ഷണം. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍ കരളിന് ആവശ്യത്തിന് ഉൽപാദിപ്പിക്കാന് കഴിയാതാകുന്നതാണ് ഇതിനുള്ള കാരണം.
ഫാറ്റി ലിവറിന്റെ ഭാഗമായി ചിലരില്‍ ഭാരം നഷ്ടമാകല്‍, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം.
Post Your Comments