കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുകയണയ്ക്കൽ ഇനിയും അവസാനിച്ചിട്ടില്ല. സർക്കാർ പദ്ധതികളെ കുറിച്ച് തള്ളിമറിക്കുന്ന സി.പി.എമ്മിനെയും പിണറായി സർക്കാരിനെയും വിമർശിച്ച് അഞ്‍ജു പാർവതി പ്രഭീഷ്. 2019 ൽ ജനീവയിലെ മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ച വിവരം പങ്കുവെച്ച പിണറായിയുടെ പഴയ പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു അഞ്‍ജു പാർവതിയുടെ പരിഹാസം. റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോയെ പോലെ കൊച്ചി നഗരം കത്തിയെരിയുമ്പോൾ ത്രിപുര നോക്കി ഇരവാദം മുഴക്കുകയാണ് ചക്രവർത്തിയെന്ന് അഞ്‍ജു പാർവതി പരിഹസിക്കുന്നു.
‘സന്ദർശനത്തിൻ്റെ ഗുണഫലങ്ങളാണ് കഴിഞ്ഞ പത്ത് ദിവസമായി കൊച്ചിയിൽ കാണുവാൻ കഴിയുന്നത്. അതിൻ്റെ ഗുണഭോക്തക്കളായ കൊച്ചിക്കാരാണ് ജീവനും കയ്യിലെടുത്ത് അടുത്ത ജില്ലകളിലേയ്ക്ക് പലായനം ചെയ്യുന്നത്. റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോയെ പോലെ കൊച്ചി നഗരം കത്തിയെരിയുമ്പോൾ ത്രിപുര നോക്കി ഇരവാദം മുഴക്കുന്ന ചക്രവർത്തി. ഒരു വിരൽ ചെയ്ത കുറ്റത്തിന് നവദ്വാരങ്ങളിലൂടെയും വിഷവാതകം വലിക്കേണ്ടി വന്ന ഒരു ജനത. ഒരു കിറ്റ് കൈ നീട്ടി വാങ്ങിയതിന് പ്രത്യുപകാരമായി ഇനി വരുന്ന തലമുറയ്ക്ക് ശ്വാസകോശജന്യ രോഗങ്ങൾ കൈമാറേണ്ടി വന്ന ഗതികേട്’, അഞ്‍ജു പാർവതി ചോദിക്കുന്നു.
അതേസമയം, ബ്രഹ്മപുരത്ത് നിരീക്ഷണ സമിതിക്ക് ഹൈക്കോടതി രൂപം നൽകിയിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ്, കളക്ടർ, കോർപറേഷൻ സെക്രട്ടറി ജില്ലാ ലീഗൽ സെൽ അതോറിറ്റി എന്നിവർ ഉൾപ്പെട്ട കമ്മിറ്റിക്കാണ് കോടതി രൂപം നൽകിയത്. കമ്മിറ്റി അംഗങ്ങൾ സ്ഥലം സന്ദർശിച്ച് തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്തമാക്കി. സ്മാർട്ട് സിറ്റിയായ കൊച്ചി വൃത്തിഹീനമായ നഗരമായി മാറിയിരിക്കുന്നുവെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി പരിസരത്ത് വരെ പുക എത്തി. നഗരത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടായി നഷ്ടം സംഭവിച്ചാൽ കോർപറേഷൻ ആയിരിക്കും പൂർണ്ണ ഉത്തരവാദി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ നിർമ്മാണം ശാസ്ത്രീയവും നിയമപരവുമായിരുന്നില്ല എന്നും കോടതി വ്യക്തമാക്കി.
Post Your Comments