കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലെ വിജയ് പിള്ള ആരെന്ന ചർച്ചയാണ് ഇപ്പോൾ സജീവമാകുന്നത്. സ്വപ്നയുടെ പറഞ്ഞ വിജയ് പിള്ള നാട്ടിൽ അറിയപ്പെടുന്നത് വിജേഷ് കൊയിലേത്ത് എന്ന പേരിൽ. ആന്തൂർ നഗരസഭയിലെ കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിനടുത്തായിരുന്നു താമസം. എം.വി.ഗോവിന്ദന്റെ മൊറാഴയിലെ വീട്ടിൽനിന്ന് 5 കിലോമീറ്റർ അകലെയാണു വിജേഷിന്റെ കുടുംബവീട്.
വിജേഷ് 10 വർഷം മുൻപ് മറ്റൊരാൾക്കൊപ്പം നാട്ടിൽ മണിചെയിൻ ബിസിനസ് നടത്തിയിരുന്നു. പിന്നീടു കൊച്ചിയിലേക്കു മാറി. ഈ മാസം 23ന് കടമ്പേരി ക്ഷേത്രത്തിൽ തന്റെ നേതൃത്വത്തിൽ സിനിമയുടെ പൂജ നടക്കുന്നുണ്ടെന്നു വിജേഷ് സുഹൃത്തുക്കളോടു പറഞ്ഞതായി വിവരമുണ്ട്. നാട്ടിൽ സിപിഎമ്മുമായി കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. കടമ്പേരിയിലെ വീട്ടിൽ അച്ഛനും അമ്മയും മാത്രമാണ് ഇപ്പോഴുള്ളത്.
സിപിഎമ്മുമായോ എം.വി.ഗോവിന്ദനുമായോ മകനു ബന്ധമില്ലെന്നു പിതാവ് ഗോവിന്ദൻ പറഞ്ഞു. സ്വപ്ന ഉന്നയിച്ച കാര്യങ്ങൾ വിശ്വസിക്കുന്നില്ല. ഏറെ നാളുകളായി മകനു നാടുമായി വലിയ ബന്ധമില്ല. ഒരു മാസം മുൻപാണ് വീട്ടിൽ വന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു മല്ലേശ്വരം ബ്രിഗേഡ് ഗേറ്റ്‍വേ ക്യാംപസിലെ വേൾഡ് ട്രേഡ് സെന്ററിലാണ് വിജേഷ് സിഇഒ ആയി പ്രവർത്തിക്കുന്ന ആക്‌ഷൻ ഒടിടി എന്ന ഓൺലൈൻ വിഡിയോ സ്ട്രീമിങ് സ്ഥാപനം. ബ്രോഡ്കാസ്റ്റിങ്, മീഡിയ പ്രൊഡക്‌ഷൻ കമ്പനിയായ ഡബ്ല്യുജിഎൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റേതാണിത്. ഓൺലൈൻ പ്ലാറ്റ്ഫോം തുടങ്ങുന്നതായി 2021 ജൂലൈ ആദ്യം കൊച്ചിയിൽ പത്രസമ്മേളനം നടത്തി വിജേഷ് പ്രഖ്യാപിച്ചിരുന്നു.
കമ്പനിയുടെ കൊച്ചിയിലെ ഓഫിസ് അധികകാലം പ്രവർത്തിച്ചില്ല. വാടക കുടിശിക വരുത്തിയാണ് ഓഫിസ് പൂട്ടിപ്പോയതെന്ന് ഇടപ്പള്ളിയിലെ കെട്ടിടം ഉടമ ജാക്സൺ മാത്യു പറഞ്ഞു. ഡബ്ല്യുജിഎൻ പ്രൊഡക്‌ഷൻസ് എന്ന പേരിൽ മലയാള സിനിമാ നിർമാണത്തിനും വിജേഷ് പിള്ള ശ്രമിച്ചിരുന്നു. ചലച്ചിത്ര നിർമാണത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിന്റെ ഭാഗമാണോ എന്ന സംശയത്തിൽ വിജേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷണം തുടങ്ങിയിരുന്നു.
ഇയാളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും സന്ദേശങ്ങളും സ്വപ്ന പുറത്തുവിട്ടിരുന്നു. കണ്ണൂർ മൊറാഴ സ്വദേശിയാണ് വിജേഷ് എന്നാണ് ലഭിക്കുന്ന വിവരം. ആഡംബര കാറുകളിലാണ് യാത്ര. രണ്ടു ദിവസം മുൻപും വീട്ടിലെത്തിയിരുന്നു. ഇയാൾ കൊച്ചിയിലെ ഡബ്ല്യുജിഎൻ ഇൻഫോടെക് എന്ന കമ്പനിയുടെ സിഇഒ എന്നാണ് സ്വപ്ന പുറത്തുവിട്ട രേഖയിൽ പറയുന്നത്. രേഖകളിൽ ‘ആക്‌ഷൻ ഒടിടി’യുടെ സിഇഒ ആണെന്ന് സൂചിപ്പിക്കുന്ന വാട്സാപ്പ് ചാറ്റും പുറത്തുവിട്ടിരുന്നു. ഈ ഒടിടി പ്ലാറ്റ്ഫോമിൽ പഴയ ചിത്രങ്ങളാണ് റിലീസ് ചെയ്തിരുന്നത്.
കൊച്ചിയിലെ ഡബ്ല്യുജിഎൻ ഇൻഫോടെക് എന്ന കമ്പനി നിലവിൽ പ്രവർത്തിക്കുന്നില്ല. സ്വപ്ന നൽകിയ രേഖയിലെ വിലാസം അനുസരിച്ച് കൊച്ചി ഇടപ്പള്ളിയിൽ ഇത്തരമൊരു ഓഫിസില്ല. 2017ൽ കമ്പനി തുടങ്ങിയെങ്കിലും ആറുമാസത്തിനകം പൂട്ടിയെന്ന് കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ പറഞ്ഞു. വാടക കുടിശിക നൽകാനുണ്ടെന്നും കെട്ടിട ഉടമ വ്യക്തമാക്കി. ഇതിനിടെ പ്രതികരണവുമായി വിജേഷും രംഗത്തെത്തി.സംസാരിച്ചത് സ്വർണ്ണക്കടത്ത് വിഷയമല്ലെന്നും സ്വപ്നയുടെ ക്ഷണം സ്വീകരിച്ചാണ് ഹോട്ടലിൽ എത്തിയതെന്നും വിജേഷ് അവകാശപ്പെട്ടു.
സി.പി.എമ്മിനോടോ എം.വി.ഗോവിന്ദനോടോ യൂസഫലിയോടൊ ബന്ധമില്ല.ഇവരെ അറിയില്ല. രാഷ്ടീയ പാർട്ടികളോട് ഒരു ബന്ധവുമില്ല. സ്വപ്ന എന്തിനാണ് ഇത് ചെയ്തതെന്ന് അറിയില്ല. ഇടനിലക്കാരനെന്ന പേരിൽ ഷാജ് കിരണിന്റെ പേര് സ്വപ്ന പറഞ്ഞതറിയില്ല. ഏതന്വേഷണവുമായി സഹകരിക്കുമെന്നും ഇയാൾ വ്യക്തമാക്കി.
Post Your Comments