കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചിയിലും സമീപ പ്രദേശങ്ങളിലും വിഷപ്പുക നിറഞ്ഞ സാഹചര്യത്തില്‍ ജില്ലയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണമേറി. 300ല്‍ അധികം പേരാണ് ചികിത്സ തേടി ആശുപത്രികളിലെത്തിയതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ആസ്മയും ഹൃദയസംബന്ധമായ അസുഖമുള്ളവരുമാണ് ചികിത്സ തേടിയവരില്‍ ഭൂരിഭാഗവും എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പ്രായമായ പല ആളുകളും ശ്വാസംമുട്ടലിനെ തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങുകയാണ്. നഗരത്തിലെയും സമീപ പ്രദേശത്തെയും ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ ഒരാഴ്ചയ്ക്കിടെ ചികിത്സക്കെത്തിയവരുടെ കണക്കാണിത്. ജനറല്‍ ഒപിയിലും ശ്വാസകോശ വിഭാഗത്തിലും ശിശുരോഗ വിഭാഗത്തിലുമാണ് കൂടുതല്‍ പേര്‍ ചികിത്സ തേടി എത്തിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കായെത്തിയവരുടെ കണക്കുകള്‍ ജില്ലാ ആരോഗ്യ വകുപ്പിന് നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ആരോഗ്യവകുപ്പ് ഇത് പുറത്തുവിടാന്‍ തയ്യാറാകുന്നില്ല. ശ്വാസ തടസം, ഛര്‍ദ്ദി, തലവേദന, തൊണ്ട വേദന, വയറിളക്കം, ചൊറിച്ചില്‍, ദേഹാസ്വാസ്ഥ്യം എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന രോഗ ലക്ഷണങ്ങള്‍. വടവുകോട് ആശുപത്രിയില്‍ 10 പേര്‍, ബ്രഹ്‌മപുരം സബ് സെന്റര്‍ 34, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 13 പേര്‍, തൃക്കാക്കര സഹകരണ ആശുപത്രിയിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമായി 18 പേര്‍ എന്നിങ്ങനെയാണ് ചികിത്സ തേടിയെത്തിയവരുടെ കണക്കുകള്‍.
Post Your Comments