ഇന്ത്യന്‍ ഗ്രാമങ്ങള്‍ പലവിധ പ്രാചീന ആചാരങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നു. ഇതില്‍ പലതും സാധാരണക്കാര്‍ക്ക് കേട്ടു കേൾവിപോലും ഇല്ലാത്തതും വിശ്വസിക്കാന്‍ പ്രയാസമുള്ളതുമായിരിക്കും. കേരള ഗ്രാമങ്ങളിലും ഇത്തരം ആചാരങ്ങള്‍ നിലവിലുണ്ട്. നമ്മളില്‍ പലര്‍ക്കും കേട്ടറിവുമാത്രമുള്ള അടവി എന്ന ഒരു പ്രാചീന ആചാരത്തെ പരിചയപ്പെടാം.
അഞ്ച് വര്‍ഷം കൂടുമ്പോഴാണ് അടവി നടക്കുക. പത്തനംതിട്ട ജില്ലയിലെ കുരമ്പാല എന്ന സ്ഥലത്തുള്ള ‘പുത്തന്‍കാവില്‍’ ദേവീക്ഷേത്രത്തിലാണ് അടവി അഥവാ ചൂരല്‍ ഉരുളിച്ച എന്ന പ്രാചീന ദ്രാവിഡ ആചാരം നടത്തിവരുന്നത്. വ്രതം നോറ്റ ഭക്തര്‍ രക്തദാഹിയായ ഭദ്രകാളിക്ക് രക്തം നല്‍കുന്ന ചടങ്ങാണിത്. യഥാര്‍ത്ഥത്തില്‍ നരബലി നടക്കുന്നില്ല എങ്കിലും അതിന് സമാനമായ ഒരു ആചാരമാണ് ‘അടവി’. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് അടവി നടക്കുക.
ഉത്സവത്തിന്‍റെ ഭാഗമായി നടത്തുന്ന പടയണിയുടെ ഒമ്പതാം ദിവസമാണ് അടവി എന്ന നരബലിക്ക് സമാനമായ ആചാരം നടക്കുന്നത്. വ്രതം നോറ്റ് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ കാളിയമ്മയുടെ രക്ത ദാഹം ശമിപ്പിക്കുന്നതിനായി കൂര്‍ത്ത മുള്ളുകളുള്ള ചൂരലില്‍ ഉരുളുന്നു. ഇത്തരത്തില്‍ ഉരുളുമ്പോള്‍ ശരീരത്തില്‍ മുള്ള് തറച്ചുകയറി ഉണ്ടാവുന്ന മുറിവുകളിലൂടെ രക്തം ഇറ്റ് വീഴുന്നത് സ്വാഭാവികമാണല്ലോ. ഈ രക്തത്തുള്ളികള്‍ ഭക്തര്‍ ദേവിക്ക് അര്‍പ്പിക്കുന്നു എന്നാണ് വിശ്വാസം.
ദേവീ ശക്തിയുടെ പ്രഭാവത്താലാണ് ഉരുളിച്ചക്കാര്‍ക്ക് വേദനയനുഭപ്പെടാത്തത് എന്നാണ് വിശ്വാസം. ചൂരല്‍ മുള്ളുകളാല്‍ ചുറ്റിവരിയപ്പെട്ട നിലയിലായിരിക്കും ഉരുളിച്ചക്കാരനെ കളത്തില്‍ നിന്ന് എടുത്ത് മാറ്റുന്നത്. പിന്നീട്, ചൂരലുകള്‍ മുറിച്ചാണ് മാറ്റുന്നത്. ചൂരല്‍ ഉരുളിച്ചയ്ക്ക് ശേഷമുള്ള ദിവസം ആരും അമ്പലപ്പറമ്പില്‍ എത്താറില്ല. ഈ ദിവസം പിശാചുക്കളുടേതാണ് എന്നാണ് വിശ്വാസം
Post Your Comments