കോഴിക്കോട്: മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് വ്യാഴാഴ്‍ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പുറപ്പെടുന്ന ചാര്‍ട്ടേഡ് ട്രെയിനിൽ നിറയെ മുസ്ലിം ലീഗിന്റെ പ്രവർത്തകർ. യാത്ര ചെന്നൈയിലേക്ക്. ചെന്നൈയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായിട്ടാണ് മുസ്ലിം ലീഗ് പ്രവർത്തകരെ സമ്മേളന നഗരിയിൽ എത്തിക്കുന്നത്. വാടകയ്ക്കെടുത്ത് സമ്മേളനനഗരിയില്‍ പ്രവർത്തകരെ എത്തിക്കുന്നത് അപൂർവ്വമാണ്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, പാലക്കാട് എന്നിവിടങ്ങളിൽ മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. ഇവിടങ്ങളിൽ നിർത്തി പ്രവർത്തകരെ കയറ്റി വീണ്ടും യാത്ര തുടരും. മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കാണ് പ്രത്യേക ചാര്‍ട്ടേഡ് ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുന്നത്. 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ലീഗ് വാടകയ്ക്ക് ട്രെയിൻ എടുത്തിരിക്കുന്നത്.
17 സ്ലീപ്പർ കോച്ച്, മൂന്ന് എ.സി. കോച്ച്, 24 പ്രവർത്തകരെ വീതം ഉൾക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകൾ എന്നിങ്ങനെയാണ് ഈ ചാർട്ടേഡ് ട്രെയിനില്‍ ഉള്ളത്. 1416 പ്രവർത്തകർ ട്രെയിനിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ എത്തുന്ന പ്രവർത്തകർക്കായി അവിടെ പ്രത്യേക ബസ് കാത്ത് കിടപ്പുണ്ടാകും. അവിടെനിന്ന് തമിഴ്‌നാട് സർക്കാർ ബസിൽ പ്രവർത്തകരെ സമ്മേളനനഗരിയായ രാജാജിഹാളിൽ എത്തിക്കും. ഇതിനായി തമിഴ്‌നാട് സർക്കാരിന്റെ 30 ബസുകളാണ് ബുക്ക് ചെയ്‍തിട്ടുള്ളത്. സമ്മേളനവും പൊതുപരിപാടിയും കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി 11-ന് ഇതേ ചാര്‍ട്ടേഡ് ട്രെയിൻ തിരിച്ച് പ്രവർത്തകരുമായി മംഗളൂരുവിലേക്ക് പുറപ്പെടും.
Post Your Comments