കൊച്ചി: കരൾ രോഗത്തെ തുടർന്ന് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ബാലയെ കാണാൻ ഓടിയെത്തി ഉണ്ണി മുകുന്ദൻ. പ്രൊഡ്യൂസർ ബാദുഷയ്ക്കൊപ്പമാണ് ഉണ്ണി മുകുന്ദൻ ആശുപത്രിയിൽ എത്തിയത്. താരത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്കകൾ ഇല്ലെന്നും, ബാല തങ്ങളോട് സംസാരിച്ചിരുന്നുവെന്നും ബാദുഷ വ്യക്തമാക്കുന്നു. ഉണ്ണി മുകുന്ദൻ, വിഷ്ണു മോഹൻ, സ്വരാജ്, വിപിൻ എന്നിവർക്കൊപ്പമായിരുന്നു ബാദുഷയും ആശുപത്രിയിൽ എത്തിയത്. ബാല എല്ലാവരോടും സംസാരിച്ചുവെന്നും നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലെന്നുമാണ് ബാദുഷ പറയുന്നത്.
നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുകയെന്നും ബാദുഷ പറയുന്നു. സഹോദരൻ ശിവ ആശുപത്രിയിൽ എത്തിയ ശേഷം തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കും. കടുത്ത ചുമയും വയറുവേദനയെയും തുടർന്ന് ഇന്നലെ വൈകിട്ടോടെയാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാലയുടെ അമ്മയും, ഭാര്യ എലിസബത്തിന്റെ ബന്ധുക്കളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.
അടുത്തിടെ ബാലയും നടൻ ഉണ്ണി മുകുന്ദനും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടായിരുന്നു ഈ വിവാദം. ഒടുവിൽ പരസ്പരം പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സുഹൃത്തിന് ഒരു അസുഖമുണ്ടെന്നറിഞ്ഞതോടെ വഴക്കും പിണക്കവും മറന്ന് ഉണ്ണി മുകുന്ദൻ ഓടിയെത്തിയത് സൗഹൃദത്തിന്റെ മറ്റൊരു നല്ല കാഴ്ചയാണെന്നാണ് ആരാധകർ പറയുന്നത്.
Post Your Comments