ആളുകൾ പലതരത്തിലുള്ള സാധനങ്ങൾക്ക് അടിമകളാണ്. ചിലർ മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ മറ്റ് ചിലർക്ക് ബ്യൂട്ടി സാധനങ്ങളോടായിരിക്കും പ്രിയം. എന്നാൽ, ആർക്കും ചിന്തിക്കാൻ കൂടി കഴിയാത്ത ഒന്നിനോട് ആസക്തി തോന്നിയാലോ? പറഞ്ഞുവന്നത് ടോയ്ലറ്റ് പേപ്പറുകളുടെ കാര്യമാണ്. ലോകത്തിൽ തന്നെ ആദ്യമായിരിക്കും ഇങ്ങനെ ഒരു ആസക്തിയെക്കുറിച്ച് കേൾക്കുന്നത്. ഷിക്കാഗോ നിവാസിയായ കേശ എന്ന 34 കാരിയായ യുവതിക്കാണ് ടോയ്ലറ്റ് പേപ്പറുകളോട് അടങ്ങാത്ത ആസക്തി ഉള്ളത്.
ഒരു ദിവസം ഇവർ 75 ഷീറ്റ് ടോയ്ലറ്റ് പേപ്പറുകൾ വരെ കഴിക്കുമെന്നാണ് മകളെക്കുറിച്ച് കേശയുടെ അമ്മ പറയുന്നത്. സ്വയം നിയന്ത്രിക്കാൻ സാധിക്കാത്ത വിധം ടോയ്ലറ്റ് പേപ്പറുകളോടുള്ള ഇഷ്ടം തന്‍റെ മകളെ പിടികൂടിയിരിക്കുകയാണെന്നും ഈ അമ്മ പരാതിപ്പെടുന്നു. സംഭവം വിചിത്രമാണെങ്കിലും ഇതൊരു രോഗാവസ്ഥയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സൈലോഫാഗിയ എന്നൊരു രോഗാവസ്ഥയിലൂടെ കടന്ന് പോകുന്നതിനാലാണ് ഇത്തരത്തിൽ ഒരു ആസക്തിക്ക് ഇവർ അടിമയായിരിക്കുന്നത്.
കുട്ടിക്കാലത്ത് അമ്മയെ പിരിഞ്ഞ് മുത്തശ്ശിയോടും ആന്‍റിയോടും ഒപ്പം നിൽക്കേണ്ടി വന്ന സാഹചര്യം തന്‍റെ ജീവിതത്തിൽ വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചിരുന്നുവെന്നും അതിൽ നിന്നുമാണ് താൻ ഇത്തരത്തിൽ ഒരു ശീലത്തിന് അടിമയായി തീർന്നതെന്നുമാണ് യുവതി പറയുന്നത്. ചെറുപ്പം മുതൽ തന്നെ ടോയ്‌ലറ്റ് പേപ്പറുകൾ താൻ കഴിക്കാറുണ്ടെങ്കിലും ഇതുവരെയും തനിക്ക് യാതൊരു വിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും അതുമൂലം ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. ഈ രീതി മാറ്റാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും തന്നെക്കൊണ്ട് അതിന് സാധിക്കുന്നില്ലെന്നാണ് കേശ പറയുന്നത്.
Post Your Comments