
മാള: ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ, മൈക്കിനോടു ചേർന്നു നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററിനെ വഴക്ക് പറഞ്ഞു സ്റ്റേജിൽ നിന്നിറക്കി വിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശ്ശൂർ മാളയിൽ ജനകീയ പ്രതിരോധ ജാഥ എത്തിയപ്പോഴായിരുന്നു സംഭവം. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിലെ പോലീസ് പരിശോധനയെപ്പറ്റി പറയുന്നതിനിടെയാണ് യുവാവ് മൈക്ക് ശരിയായി വയ്ക്കാനെത്തിയത്. മൈക്കിന്റെ അടുത്ത് നിന്ന് സംസാരിക്കാൻ യുവാവ് പറഞ്ഞത് എം വി ഗോവിന്ദന് ഇഷ്ടപ്പെട്ടില്ല. പിന്നാലെയാണ് ശകാരം.
മൈക്ക് നേരെയായി എങ്ങനെ ഉപയോഗിക്കാമെന്ന് എം വി ഗോവിന്ദൻ പറയുകയും ചെയ്തു.‘പോടാ പോയെ, നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി’ എന്നും ഗോവിന്ദൻ യുവാവിനോടു ചോദിക്കുന്നുണ്ട്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
‘മൈക്കിന്റെ അടുത്തുനിന്നു പറയണമെന്നാണ് ചങ്ങാതി പറയുന്നത്. ആദ്യമായി മൈക്കിനു മുന്നിൽ നിൽക്കുന്നയാളോട് വിശദീകരിക്കുന്നതു പോലെയാണ് പറയുന്നത്. ഇതെന്താണെന്ന് അറിയാമോ, കുറേ സാധനങ്ങളുണ്ട്. പക്ഷേ, ഇതൊന്നും കൈകാര്യം ചെയ്യാനറിയില്ല. ഈ മൈക്ക് ചെറിയ കാര്യമല്ല. ഇത് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൈകാര്യം ചെയ്യേണ്ട ഉപകരണമാണ്. കുറേ ഉപകരണങ്ങൾ വാരിവലിച്ചു കൊണ്ടുവന്നതു കൊണ്ടൊന്നും കാര്യമില്ല. ആൾക്കാരോടു സംവദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാൻ അറിയണം.
അവിടുന്നും ഇവിടുന്നും ചിലർ ശബ്ദമില്ലെന്നു പറയുമ്പോൾ വേഗം വന്ന് മൈക്കിന് അടുത്തുനിന്ന് പറയണമെന്നാണ്. ഇതാണ് ഞാൻ പറഞ്ഞ കാര്യം. ഇതിനെക്കുറിച്ച് നല്ല ധാരണ വേണം. അല്ലാതെ നല്ല സാധനം കയ്യിലുണ്ടായിട്ടു കാര്യമില്ല. ഇത്രയൊന്നും സാധനങ്ങൾ വേണ്ട. അല്ലാതെ തന്നെ ഈ ഹാളിലുള്ള മുഴുവൻ ആളുകൾക്കും കേൾക്കാൻ കഴിയും.’ – ഗോവിന്ദൻ പറഞ്ഞു.
അതേസമയം, എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര നാളെ എറണാകുളം ജില്ലയിൽ പ്രവേശിക്കും. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തൃശൂർ ജില്ലാ അതിർത്തിയായ പൊങ്ങത്ത് ജാഥയെ സ്വീകരിക്കും. തുടർന്ന് അങ്കമാലി, ആലുവ, പറവൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തും. കഴിഞ്ഞ മാസം 20ന് കാസർകോട് നിന്നാണ് ജനകീയ പ്രതിരോധ ജാഥ തുടങ്ങിയത്.
Post Your Comments