ഗർഭസ്ഥശിശുക്കളെ ഗർഭപാത്രത്തിൽ വെച്ച് തന്നെ മൂല്യങ്ങള് പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗർഭിണികൾക്ക് വേണ്ടി ‘ഗർഭ സംസ്‌കാർ’ എന്ന പേരിൽ രാഷ്ട്രീയ സ്വയം സേവക് സംഘ് അഫിലിയേറ്റ് ആയ സംവർദ്ധിനി ന്യാസ് പുതിയ കാംപെയിന് തുടക്കം കുറിച്ചു. ട്രസ്റ്റിന്റെ ദേശീയ സംഘടനാ സെക്രട്ടറി മാധുരി മറാട്ടെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ഗർഭാവസ്ഥയിൽ തന്നെ ശിശുക്കൾക്ക് സാംസ്കാരിക മൂല്യങ്ങൾ പകർന്നുനൽകുക എന്നതാണ് ‘ഗർഭ സംസ്‌കാർ’ കൊണ്ട് സംവർദ്ധിനി ന്യാസ് ലക്ഷ്യം വെയ്ക്കുന്നത്.
ഗൈനക്കോളജിസ്റ്റുകളെ അടക്കം കാംപെയിനിൽ പങ്കെടുപ്പിക്കുന്നുണ്ട്. ഗൈനക്കോളജിസ്റ്റുകൾ, ആയുർവേദ പ്രാക്ടീഷണർമാർ, യോഗ പരിശീലകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഗർഭാവസ്ഥയിലുള്ള ശിശുക്കൾക്ക് സാംസ്കാരിക മൂല്യങ്ങൾ പകർന്നുനൽകുന്നതിനായി ഗീതയും രാമായണവും വായിക്കുന്നതും ഗർഭകാലത്ത് യോഗാഭ്യാസവും ഉൾപ്പെടുന്ന ഒരു പരിപാടി ട്രസ്റ്റ് ആസൂത്രണം ചെയ്യുന്നു.
കുഞ്ഞിന് രണ്ട് വയസ് ആകുന്നത് വരെ പരിശീലനം തുടരും. ഇതിന് കീഴിൽ ഗീതാ ശ്ലോകങ്ങളും രാമായണ ശ്ലോകങ്ങളും ആലപിക്കുന്നതിന് ഊന്നൽ നൽകുമെന്നും മറാട്ടെ പറഞ്ഞു. ഗർഭപാത്രത്തിൽ വെച്ച് കുട്ടി സംസ്‌കാരം പഠിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് കാമ്പെയിന്റെ ലക്ഷ്യം. ഈ കാമ്പെയ്‌നിന് കീഴിൽ കുറഞ്ഞത് 1,000 സ്ത്രീകളിലേക്ക് എത്തിച്ചേരാൻ പദ്ധതിയിടുന്നു. ഞായറാഴ്ച ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ട്രസ്റ്റ് സംഘടിപ്പിച്ച ശിൽപശാലയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്-ഡൽഹി ഉൾപ്പെടെ നിരവധി ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുകൾ പങ്കെടുത്തതായി മറാട്ടെ പറഞ്ഞു.
Post Your Comments