ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഏഷ്യാനെറ്റിലെ മുൻ മാധ്യമപ്രവർത്തക കെ കെ ഷാഹിന. ഏഷ്യാനെറ്റ് ചെയ്തത് പ്രൊഫഷനൽ എത്തിക്സിൻ്റെ സമ്പൂർണമായ ലംഘനവും , തികഞ്ഞ മര്യാദകേടും, കുറ്റകരമായ പ്രവൃത്തിയുമാണ് എന്ന് ഷാഹിന കുറിച്ചു.
ഷാഹിനയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
പത്ത് കൊല്ലം ജോലി ചെയ്ത സ്ഥാപനമാണ് ഏഷ്യനെറ്റ്. (നൊസ്റ്റാൾജിയ ഒന്നുമില്ല.ഒരു വിവരം എന്ന നിലയിൽ പറഞ്ഞെന്നെയുള്ളൂ).അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ ഏഷ്യാനെറ്റിൻ്റെ വിശദീകരണം കേട്ടിട്ടേ പ്രതി
കേട്ടു.
കണ്ടു.
ഒരു പെൺകുട്ടി മയക്ക് മരുന്നിന് അടിപ്പെട്ട് ലൈംഗിക ചൂഷണത്തിനു ഇരയായിട്ടുണ്ട് എന്നും അതിൽ പോലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട് എന്നും അത് കൊണ്ട് തന്നെ ഏഷ്യനെറ്റിൻ്റെത് വ്യാജ വാർത്ത അല്ല എന്നുമാണ് ഏഷ്യനെറ്റ് സമർഥിച്ചത്. മുഖ്യമന്ത്രി സഭയിൽ വെച്ച മറുപടി ഈ വാദത്തെ സാധൂകരിക്കുന്നുമുണ്ട്. അത് കൊണ്ട് തന്നെ വാർത്തയിൽ പറയുന്ന ആ വിവരം കെട്ടിച്ചമച്ചതല്ല എന്നത് വ്യക്തം.
പക്ഷേ,
കണ്ടിടത്തോളം ,ഏഷ്യനെറ്റ് ചെയ്തത് പ്രൊഫഷനൽ എത്തിക്സിൻ്റെ സമ്പൂർണമായ ലംഘനമാണ്. തികഞ്ഞ മര്യാദകേടാണ്. കുറ്റകരമായ പ്രവൃത്തിയാണ്.
ആഗസ്റ്റിൽ കോഴിക്കോട് റിപ്പോർട്ടർ ചെയ്ത സ്റ്റോറിയിലെ അതേ ബൈറ്റ് ശബ്ദം മാറ്റി നൗഫൽ സ്വന്തം സ്റ്റോറിയിൽ ഉപയോഗിക്കുന്നു.ഇത് രണ്ടും ഒരേ ഇൻ്റർവ്യൂ ആണെന്ന് ആർക്കും മനസ്സിലാവും. അല്ലെന്ന് സ്ഥാപിക്കാൻ ഏഷ്യനെറ്റ് നിരത്തുന്ന ന്യായങ്ങൾ പരിഹാസ്യമാണ് എന്ന് പറയാതിരി്ക്കാൻ വയ്യ.
ഏഷ്യാനെറ്റിലെ സുഹൃത്തുക്കളോടാണ്.
മാസങ്ങൾക്ക് മുൻപ് എടുത്ത ഒരു ബൈറ്റ് പുതിയതാണ് എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വീണ്ടും ഉപയോഗിച്ചത് നിങ്ങളെങ്ങനെയാണ് ന്യായീകരിക്കുന്നത്? ആഗസ്റ്റിലെ സ്റ്റോറിയിൽ സംസാരിച്ച കുട്ടിയുടെ അതേ ഓഡിയോ ഉപയോഗിച്ച്, പുതിയ കേസാണ് എന്ന പ്രതീതി സൃഷ്ടിച്ച് മറ്റൊരു വീഡിയോ re-create ചെയ്യുന്നത് ഒക്കെ ഏത് scale വെച്ചാണ് നിങ്ങൾ മാധ്യമ പ്രവർത്തനമായി കൂട്ടുന്നത്?
ഇതിനെ വ്യാജം എന്നല്ലെങ്കിൽ മറ്റെന്താണ് വിളിക്കേണ്ടത്? മുൻപ് എടുത്ത ഒരു interview വീണ്ടും ഉപയോഗിക്കുന്നതിൽ തെറ്റൊന്നും ഇല്ല.പക്ഷേ അത് വ്യക്തമായും പഴയ interivew ആണെന്ന് പ്രേക്ഷകരെ അറിയിച്ചു കൊണ്ടായിരിക്കണം .
ഒരു പാട് പഴയ കാലത്ത് ഒന്നുമല്ല. 1990കളിൽ,ശശികുമാർ എഡിറ്റർ ആയിരുന്ന കാലത്ത്, ഒരു സ്റ്റോറിയിൽ പഴയ ദൃശ്യങ്ങൾ ഉപയോഗിച്ചാൽ(ബൈറ്റ് അല്ല, വെറും ദൃശ്യങ്ങൾ മാത്രം) അർക്കൈവൽ footage എന്ന് എഴുതി കാണിക്കണമെന്ന് നിർബന്ധമായിരുന്നു. അത് ഒരു നീക്ക് പോക്കും ഇല്ലാത്ത ഒരു നിയമം ആയിരുന്നു. കർശനമായും പാലിച്ചിരുന്ന ഒരു റൂൾ. അന്ന് മുതൽ ഏഷ്യാനെറ്റിൽ ഉണ്ടായിരുന്ന ചിലർ എങ്കിലും ഇപ്പോഴും അവിടെ ഉണ്ട്. അവർ അത് മറന്നിട്ടുണ്ടാവാൻ സാധ്യത ഇല്ല.
ഏഷ്യാനെറ്റിൽ ജോലി ചെയ്യുന്ന ചിലരുടെ വെല്ലുവിളി പോസ്റ്റുകൾ കണ്ടു.
ആരോടാണ് ഈ നിഴൽ യുദ്ധം എന്ന് മനസ്സിലാവുന്നില്ല. ഒരു മാധ്യമ സ്ഥാപനം സ്വയം ഒരു ഗോത്രമായി പരിണമിക്കുകയും അവിടത്തെ ജീവനക്കാർ ആത്മാഭിമാനമോ പ്രൊഫഷനൽ എത്തിക്സോ ഇല്ലാത്ത വെറും കൂലിപടയാളികളായി അധപതിക്കുകയും ചെയ്യുന്ന വിചിത്രമായ ഒരു കാഴ്ചയാണ് ഏഷ്യനെറ്റിൻ്റെ കാര്യത്തിൽ കുറെ കാലമായി കണ്ട് കൊണ്ടിരിക്കുന്നത്.
Post Your Comments