തിരുവനന്തപുരം: രജിസ്‌ട്രേഷൻ വകുപ്പിന് 2022-23 സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് മുൻപുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഫെബ്രുവരി അവസാനിച്ചപ്പോൾ ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ കൂടുതൽ വരുമാനം നേടിക്കഴിഞ്ഞു.
സാമ്പത്തിക വർഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാൽ 4711.75 കോടി രൂപ ഫെബ്രുവരിയിൽത്തന്നെ ലഭിച്ചു. ലക്ഷ്യം വച്ചതിനേക്കാൾ 187.51 കോടി രൂപയുടെ അധിക വരുമാനമാണ് രജിസ്‌ട്രേഷൻ വകുപ്പിന് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം വരുമാനം ലഭിച്ചത്, 1069 കോടി രൂപ. റവന്യൂ വരുമാനത്തിൽ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ് 629.96 കോടി രൂപ. 2021-22 സാമ്പത്തിക വർഷത്തിൽ രജിസ്‌ട്രേഷൻ വകുപ്പിന് 4431.88 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ 279.87 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തെ വരുമാനവുമായി തട്ടിച്ച് നോക്കുമ്പോൾ ഇത് 907.83 കോടി രൂപയുടെ അധിക വകുമാനമാണ് .( കഴിഞ്ഞ ഫെബ്രുവരിയിൽ രജിസ്‌ട്രേഷൻ വകുപ്പിന്റെ വരുമാനം 3803.92 കോടി രൂപയായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Read Also: കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തൽ: ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം തള്ളി സർക്കാർ
സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വരുമാനം 5000 കോടിരൂപയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. മാർച്ച് മാസത്തിൽ കൂടുതൽ രജിസ്‌ട്രേഷനുകൾ നടക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സോഫ്റ്റ്വെയർ തകരാറുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്ന് എൻ ഐ സി യെ അറിയിച്ചു, ഒരു തരത്തിലുള്ള മോഡ്യൂൾ അപ്‌ഡേഷനും പാടില്ല എന്നും അവരെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്റ്റാമ്പ് പേപ്പറുകൾ ആവശ്യത്തിന് ലഭ്യമാക്കാനുള്ള നടപടികൾ ട്രഷറി വകുപ്പും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിലവിലെ രജിസ്ട്രേഷൻ നടപടികൾ ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മികവുറ്റതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രജിസ്ട്രേഷൻ വകുപ്പിൽ നിർമ്മാണം പൂർത്തിയായ 9 സബ് രജിസ്ട്രാർ ഓഫീസുകളുടെ പ്രവർത്തന ഉദ്ഘാടനവും ഒരു ഓഫീസിന്റെ നിർമ്മാണോദ്ഘാടനവും മൂന്നാം നൂറുദിന പരിപാടികളുടെ ഭാഗമായി നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also: ഉത്രാളിക്കാവ് പൂരം മൊബൈലിൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ്ട് മൂന്ന് പേർക്ക് പരിക്ക്
Post Your Comments