KeralaLatest NewsNews

മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപകൻ പരസ്യമായി അവഹേളിച്ചു; മനം നൊന്ത് വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ ജീവനൊടുക്കി

ഹൈദരാബാദ്: മാർക്ക് കുറഞ്ഞതിന് അധ്യാപകൻ പരസ്യമായി അവഹേളിച്ചതിൽ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് നാർസിംഗിയിലെ ശ്രീചൈതന്യ ജൂനിയർ കോളജിലെ ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർഥിയായ സാത്വിക് ആണ് അതേ ക്ലാസ് മുറിയില്‍ തൂങ്ങി മരിച്ചത്. ഈ കോളജില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികളെ മറ്റുള്ളവര്‍ക്കു മുന്നില്‍ വച്ചു പരസ്യമായി അടിക്കുകയും ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്ന ആക്ഷേപം ശക്തമാണ്.

കഴി‍ഞ്ഞ പരീക്ഷയില്‍ സാത്വികിനു മാര്‍ക്ക് കുറവായിരുന്നു. ഇതേ തുടര്‍ന്നു മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് അധ്യാപകന്‍ മോശമായി പെരുമാറുകയായിരുന്നു. അപമാനിച്ച അധ്യാപകനെതിരെ പ്രിൻസിപ്പലിനു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ അധ്യാപകൻ പ്രതികാര നടപടി തുടങ്ങി. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിൽ നിന്നിറങ്ങിയ സാത്വിക് ക്ലാസ് മുറിയിലെത്തി തൂങ്ങി മരിക്കുകയായിരുന്നു.

സാത്വികിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കാൻ കോളജ് അധികൃതരോട് സഹായം ചോദിച്ചെങ്കിലും സഹായിക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

സംഭവത്തിൽ അധ്യാപകൻ,  കോളജ് പ്രിന്‍സിപ്പൽ, ഹോസ്റ്റൽ വാർഡൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവില്‍പോയ ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി ഹൈദരാബാദ് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button