
വിവാദത്തിന്റെ കുന്തമുനയായി തുടരുന്ന കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റിനു മുന്‍പില്‍ പരാതി. ഇരുപത് കോടിയിലേറെ രൂപയുടെ കള്ളപ്പണം റിസോര്‍ട്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന പരാതിയാണ് വന്നത്. ഒരു മാധ്യമ പ്രവര്‍ത്തകന്‍ രേഖാമൂലം നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടത്താന്‍ ഒരുങ്ങുന്നത്. പണം നല്‍കിയവരുടെ ലിസ്റ്റും അവര്‍ എത്ര പണം നല്‍കിയിട്ടുണ്ട് എന്നതിന്റെ വിശദാംശങ്ങള്‍ സഹിതവുമാണ് പരാതി വന്നത്.
പാര്‍ട്ടി സെക്രട്ടറിയെറ്റില്‍ ഇപി വിശദീകരണം നല്‍കിയെങ്കിലും പാര്‍ട്ടി നിശബ്ദത പാലിക്കുകയാണ്. ഇത് മനസിലാക്കി ഇപി പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്. എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് വരെ ഇ.പി.ജയരാജന്‍ പങ്കെടുത്തിട്ടില്ല. ഈ വിട്ടു നില്‍ക്കല്‍ പാര്‍ട്ടിയില്‍ പുകയവേയാണ് ഇഡി കൂടി രംഗപ്രവേശം ചെയ്യുന്നത്.
ഇപി ജയരാജന്റെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരായ പരാതിയിൽ അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ് കത്ത് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇപി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും, അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. ഈ അന്വേഷണത്തിനാണ് വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയത്. ഈ കത്തില്‍ സർക്കാർ തീരുമാനമെടുത്തിട്ടില്ല എന്നാണ് അറിയുന്നത്.
ഇ.പി.ജയരാജന്റെ ഭാര്യയാണ് വൈദേകത്തിന്റെ ചെയര്‍പേഴ്സണ്‍. മകന്‍ ഡയറക്ടറുമാണ്. കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ റിസോര്‍ട്ടില്‍ കോടികളുടെ കള്ളപ്പണം നിക്ഷേപം നടത്തിയിട്ടുണ്ട് എന്ന പരാതിയാണ് ഇഡിയ്ക്ക് മുന്‍പില്‍ വന്നത്. പ്രാഥമിക പരിശോധന നടത്തി വിശദാംശങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ കേസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടക്കുകയുള്ളൂ എന്നാണ് അറിയുന്നത്.
സിപിഎമ്മില്‍ വിവാദവിഷയമായി റിസോര്‍ട്ട് പ്രശ്നം തുടരുമ്പോള്‍ തന്നെയാണ് ഇഡിയുടെ കടന്നുവരവും റിസോര്‍ട്ടിലേക്ക് വന്നിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതിയില്‍ പി.ജയരാജന്‍ റിസോര്‍ട്ടിനെക്കുറിച്ച് സാമ്പത്തിക ആരോപണം ഉന്നയിച്ച ശേഷമാണ് കുറെക്കാലമായി തണുത്തു കിടന്ന വിവാദത്തിനു ചൂടുപിടിച്ചത്. ഇ.പിജയരാജന്റെ അസാന്നിധ്യത്തിലായിരുന്നു ഈ വിമര്‍ശനം. അതോടുകൂടിയാണ് റിസോര്‍ട്ട് പ്രശ്നം കത്തിയത്.
Post Your Comments