അബുദാബി: സൗജന്യ വൈഫൈ ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ നടത്തുന്നത് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ തുടങ്ങി പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും യുഎഇ ബാങ്കുകൾ മുന്നറിയിപ്പ് നൽകി. പൊതു വൈഫൈ. ബാങ്ക് പോലെ അതീവ സുരക്ഷാ ഇടപാടുകൾക്ക് യോജിച്ചതല്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ ബാങ്ക് അക്കൗണ്ടോ മൊബൈൽ ആപ്പോ തുറക്കരുത്. അപരിചിത ഇമെയിലും എസ്എംഎസ് തുറക്കേണ്ടിവന്നാലും ലിങ്കിൽ പ്രവേശിക്കുകയോ മറുപടി അയക്കുകയോ ചെയ്യരുത്. മൊബൈൽ, ലാപ്‌ടോപ്് സോഫ്റ്റ് വെയറുകൾ യഥാസമയം അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ആന്റിവൈറസ് സോഫ്റ്റ് വെയർ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കണം. വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ പങ്കിടരുത്. സംശയാസ്പദമായ ലിങ്കുകളോ അറ്റാച്ച്‌മെന്റുകളോ തുറക്കരുത്. വെബ് സൈറ്റിന്റെ പേരിന് മുമ്പ് https:// എന്നുള്ള എൻക്രിപ്റ്റ് ചെയ്തവ മാത്രം ഉപയോഗിക്കുക. സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപെട്ടാലും വഞ്ചിക്കപ്പെട്ടാലും ഉടൻ ബാങ്കിനെയും പോലീസിനെയും വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Post Your Comments