കറാച്ചി: പാകിസ്ഥാനില്‍ വീണ്ടും അജ്ഞാത സംഘത്തിന്റെ വെടിവയ്പ്പ്. കശ്മീരിലെ സായുധ തീവ്രവാദ സംഘടന അല്‍ ബദറിന്റെ മുന്‍ കമാന്‍ഡര്‍ സയ്യിദ് ഖാലിദ് റാസയെ ആയുധധാരികളായ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ഞായറാഴ്ച കറാച്ചിയിലെ ഗുലിസ്ഥാന്‍-ഇ-ജൗഹര്‍ ഏരിയയിലാണ് സംഭവം .ഒരു സ്വകാര്യ സ്കൂള്‍ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറും ഫെഡറേഷന് ഓഫ് പ്രൈവറ്റ് സ്കൂള്‍ വൈസ് ചെയര്‍മാനുമായി പാകിസ്ഥാനില്‍ അറിയപ്പെടുന്ന സയ്യിദ് ഖാലിദ് റാസക്ക് ഐഎസ്ഐ യുടെ സംരക്ഷണം ഉണ്ട്.
മോട്ടോര്‍ സൈക്കിളില്‍ സായുധരായ രണ്ട് അക്രമികള്‍ റാസയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംശയം തോന്നുന്നവരെ പ്രദേശത്ത് ഒന്നിലധികം തവണ കണ്ടിട്ടുണ്ടെന്നും ഇവരെ കുറിച്ച് പോലീസില്‍ അറിയിച്ചിരുന്നെങ്കിലും അധികൃതര്‍ തങ്ങളുടെ പരാതികളോട് മുഖം തിരിച്ചെന്നും അവര്‍ പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (ഈസ്റ്റ്) സുബൈര്‍ നസീര്‍ പറഞ്ഞു. 1998 ജൂണില്‍ പാകിസ്ഥാന് ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) രൂപീകരിച്ചതാണ് അല്‍-ബദര്‍. ഇന്ത്യയും അമേരിക്കയും ഇവരെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments