പ്രകൃതിയോട് ഇണങ്ങിയ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, നിലവിലുള്ള റിഫൈനറികളോട് ചേർന്ന് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റുകൾ സ്ഥാപിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഓയിലിന്റെ പാനിപ്പത്ത് റിഫൈനറിയിൽ 2025- ഓടെ 2,000 കോടി രൂപ ചെലവിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റുകൾ നിർമ്മിക്കുന്നതാണ്. ഏകദേശം 7,000 ടൺ വാർഷിക ശേഷിയാണ് പ്ലാന്റിന് കണക്കാക്കുന്നത്. കൂടാതെ, അടുത്ത പത്ത് വർഷത്തിനകം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മൊത്തം ഹൈഡ്രജൻ ഉൽപ്പാദനത്തിന്റെ 50 ശതമാനം ഗ്രീൻ ഹൈഡ്രജൻ ആക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്.
പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വേറിട്ട പ്രവർത്തനവുമായി എത്തുന്നത്. 2046- ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും അവസാനിപ്പിക്കുക എന്ന പദ്ധതിയിൽ ഊന്നിയാണ് പ്രവർത്തനം. ഭാവിയുടെ ഇന്ധനമെന്ന് ഹൈഡ്രജൻ അറിയപ്പെടാറുണ്ടെങ്കിലും, നിർമ്മാണ ചെലവിനെ തുടർന്നാണ് ഭൂരിഭാഗം കമ്പനികളും ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കാൻ വിമുഖത കാണിക്കുന്നത്. ചെലവ് കൂടുതലായതിനാൽ ഹൈഡ്രജൻ വൻ തോതിൽ ഉപയോഗിക്കാൻ വാഹന, വ്യവസായ മേഖലകൾക്ക് കഴിയുന്നില്ല. നിലവിൽ, ക്രൂഡോയിൽ പെട്രോളും ഡീസലുമാക്കി വേർതിരിക്കുന്ന റിഫൈനറികൾ ഡീസലിലെ സൾഫർ അംശം കുറയ്ക്കാൻ ഹൈഡ്രജൻ ഉപയോഗിക്കുന്നുണ്ട്.
Also Read: വീട്ടുവളപ്പിലെ കിണറ്റിൽ കടുവയുടെ മൃതദേഹം കണ്ടെത്തി
Post Your Comments