കോഴിക്കോട്: സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തിയ ‘കർഷകൻ’ ബിജു കുര്യൻ തിരിച്ച് നാട്ടിലെത്തിയെങ്കിലും ചർച്ചകൾക്കും വിമർശനങ്ങൾക്കും കുറവില്ല. നാട്ടിൽ തിരിച്ചെത്തിയ ബിജു, തന്നെ അന്വേഷിച്ച് ഏജൻസികൾ ഒന്നും വന്നില്ലെന്നും തിരിച്ചെത്തിയത് സ്വന്തം ഇഷ്ടപ്രകാരം ആണെന്നും പറയുകയുണ്ടായി. ഇസ്രയേലിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വേണ്ടിയാണ് താൻ കർഷക സംഘത്തിൽ നിന്നും മാറി നിന്നതെന്ന ബിജുവിന്റെ ന്യായീകരണം സോഷ്യൽ മീഡിയ സ്വീകരിച്ചിട്ടില്ല.
ഇസ്രയേലിൽ നിന്ന് ഇന്നു പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയ ബിജു കുര്യൻ, മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് താൻ മുങ്ങിയതല്ലെന്ന് വാദിച്ചത്. മേയ് എട്ടു വരെ കാലാവധിയുള്ള വിസ കൈവശമുണ്ടായിരുന്നതിനാൽ, എതുവഴി നടന്നാലും ആരും ചോദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ ആണ് തിരികെവന്നതെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റെടുത്ത് നൽകിയത് സഹോദരനാണെന്നും ബിജു അറിയിച്ചു. സർക്കാരിനോടും സംഘാംഗങ്ങളോടും മാപ്പുചോദിക്കുന്നതായി പറഞ്ഞ ബിജു കുടുംബാംഗങ്ങളോടൊപ്പം നാട്ടിലേക്ക് തിരിച്ചു.
എന്നാൽ, ബിജുവിന്റെ ഉദ്ദേശം അതായിരുന്നില്ലെന്ന് ഏറെ കുറെ ഉറപ്പാണ്. ഇസ്രായേലിൽ മികച്ച ശമ്പളമുള്ള തൊഴിലാളിയായി മാറി പിടിച്ചു നിൽക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ബിജു കരുക്കൾ നീക്കിയതെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ബിജുവിന്റെ പദ്ധതിയെല്ലാം പക്കാ ആയിരുന്നുവെങ്കിലും ഒരേയൊരു കാര്യത്തിലാണ് ബിജുവിന് പാളിയത്. സർക്കാർ ചിലവിൽ ഇസ്രായേലിൽ പോയത് പദ്ധതിയെല്ലാം പാളാൻ കാരണമായി. സംഭവം വാർത്തയായതും സർക്കാർ ഇടപെട്ടു. ഇതോടെ മികച്ച വേതനം സ്വപ്നം കണ്ട് മുങ്ങിയ ബിജുവിന് തിരിച്ച് നാട്ടിലെത്തുകയല്ലാതെ മറ്റ് വഴികളില്ലാതെയായി.
ബിജു എവിടേക്കാണ് പോയതെന്നുള്ള കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്ന സമയത്ത് ബിജുവിനൊപ്പം ഇസ്രായേലിൽ എത്തിയ സഹയാത്രികർ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഇസ്രായേൽ കൃഷി രീതികളെ കുറിച്ച് പഠിക്കുമ്പോൾ ബിജു ശ്രദ്ധിച്ചത് അവിടത്തെ പണിക്കൂലിയെ കുറിച്ചായിരുന്നു. ഈ വിവരങ്ങൾ മറ്റു കർഷകരുമായി ബിജു പങ്കുവയ്ക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇവിടെ ശുചീകരണ ജോലി ചെയ്താൽ ദിവസം 15,000 രൂപ ലഭിക്കുമെന്നുള്ള യാഥാർത്ഥ്യം ബിജു മനസ്സിലാക്കിയിരുന്നു. ഇക്കാര്യം മനസിലാക്കിയ ബിജു അതിനെ കുറിച്ച് ആവേശത്തോടെ സംസാരിച്ചിരുന്നതായും സഹകയാത്രികർ പറഞ്ഞിരുന്നു.
Post Your Comments