തൃശൂര്‍: കോടികളുടെ ഹവാല ഇടപാടില്‍ ജോയ് ആലൂക്കാസിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇന്ത്യയില്‍ നിന്ന് ദുബായ് വഴി ഹവാലമാര്‍ഗം കടത്തിയ പണം ദുബായിയിലെ ജോയ് ആലൂക്കാസ് ജ്വല്ലറിയിന്‍ നിക്ഷേപിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 1999 ലെ ഫെമ സെക്ഷന്‍ 97 എ പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
ഹവാല ചാനലുകൾ വഴി കമ്പനി ദുബായിലേക്ക് വൻ തോതിൽ കളളപ്പണ ഇടപാട് നടത്തിയിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ജോയ് ആലുക്കാസിന്റെ വിവിധ സ്ഥാപനങ്ങളിൽ ഏജൻസി പരിശോധനയും നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
തൃശൂർ ശോഭാ സിറ്റിയിലെ വീട് ഉൾപ്പെടെ 81.54 കോടി രൂപ വരുന്ന 33 സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടിയവയിൽപെടും. മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 91.22 ലക്ഷം രൂപ, 5.58 കോടി രൂപ വരുന്ന മൂന്ന് ഫ്ക്‌സഡ് ഡിപ്പോസിറ്റ് അക്കൗണ്ടുകൾ, ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ തുടങ്ങിയവയും കണ്ടുകെട്ടിയവയിൽ പെടും.
ജോയ് ആലുക്കാസിന്റെ സമ്പൂർണ ഉടമസ്ഥതയിലുളള ദുബായ് ആസ്ഥാനമായുളള ജോയ്് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിലേക്ക് ആണ് പണം മാറ്റിയത്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ ഇടപാടുകളെ സാധൂകരിക്കുന്ന നിരവധി ഡിജിറ്റൽ തെളിവുകളും ഇ മെയിലുകളും കണ്ടെത്തിയിരുന്നു. കമ്പനി സജീവമായി ഹവാല ഇടപാടുകൾ നടത്തിയിരുന്നതിന് കൃത്യമായ തെളിവുകൾ ലഭിച്ചതോടെയാണ് ഏജൻസി നടപടി സ്വീകരിച്ചത്.
Post Your Comments