കൊല്ലം: രജിസ്റ്റർ വിവാഹത്തിന് കാമുകനെത്താത്തതിലുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തുടയന്നൂർ കാട്ടാമ്പള്ളി വട്ടപ്പാട് മധുഭവനിൽ ധന്യ(23)യാണ് മരിച്ചത്. മണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയായ യുവാവുമായി ഒരുവർഷത്തിലേറെയായി യുവതി പ്രണയത്തിലായിരുന്നു. പെൺകുട്ടിക്ക് അഖിൽ എന്ന യുവാവ് വിവാഹ വാഗ്ദാനം നല്കി വഞ്ചിക്കുകയായിരുന്നു എന്നാണ് ധന്യയുടെ ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നത്.
മണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയായ അഖിലുമായി ധന്യ കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ധന്യയെ വിവാഹം കഴിക്കാമെന്ന് പൊലീസിൻ്റെയും കോടതിയുടെയും മുമ്പാകെ അഖിൽ സമ്മതം മൂളിയിരുന്നുവെന്നും എന്നാൽ, വിവാഹദിനം ഇയാൾ മുങ്ങുകയായിരുന്നു എന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ 14-ന് ധന്യയെ വീട്ടിൽനിന്ന് കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ കാമുകനായ അഖിൽ എന്ന യുവാവിനോടൊപ്പം ധന്യയെ കണ്ടെത്തി. കടയ്ക്കൽ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ യുവാവ് ധന്യയെ വിവാഹം ചെയ്യാമെന്ന് പോലീസിനോട് സമ്മതിക്കുകയും ചെയ്തു. 23-ന് ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽവച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് വ്യാഴാഴ്ച ബന്ധുക്കളും പൊതുപ്രവർത്തകരും പഞ്ചായത്ത് ഓഫീസിൽ കാത്തുനിന്നെങ്കിലും യുവാവ് എത്തിയില്ല.
വിവാഹ സമയത്ത് എത്താമെന്നു പറഞ്ഞ അഖിലിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് അഖിലിനെ അന്വേഷിച്ച് ധന്യയുടെ ബന്ധുക്കൾ പോയെങ്കിലും കാണാൻ കഴിഞ്ഞിരുന്നില്ല. വിവാഹം മുടങ്ങിയെന്നും, തന്നെ കാമുകൻ ചതിക്കുകയായിരുന്നുവെന്നും തിരിച്ചറിഞ്ഞ ധന്യ ആത്മഹത്യ ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ധന്യ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ധന്യയുടെ അമ്മ വിദേശത്താണ്. സംഭവത്തിൽ കടയ്ക്കൽ പൊലീസ് കേസെടുത്തു. അഖിൽ ഒളിവിലാണ്.
Post Your Comments