തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമാകുമെന്ന് ക്ഷേത്രം ട്രസ്റ്റ്. പൊങ്കാല സമര്‍പ്പിക്കാനെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം അരക്കോടിക്ക് മുകളിലെത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു.
കൊവിഡ് കവര്‍ന്ന രണ്ടു വര്‍ഷത്തിനു ശേഷം നഗരം നിറയെ അടുപ്പുകള്‍ നിരക്കുകയും തലസ്ഥാനവാസികള്‍ ഒന്നടങ്കം ആഘോഷമാക്കുകയും ചെയ്യുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവം പഴയ പകിട്ടിലേക്ക് മടങ്ങിയെത്തുന്നത് ഇത്തവണയാണ്.അതുകൊണ്ടുതന്നെ 2020ലെ പൊങ്കാലയെ അപേക്ഷിച്ച് പങ്കാളികളാകുന്ന ഭക്തരില്‍ 40 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.
2020 മാര്‍ച്ച് 9ന് നടന്ന പൊങ്കാലയില്‍ ഏകദേശം 35 ലക്ഷം പേര്‍ പങ്കെടുത്തിരുന്നുവെന്നാണ് കണക്ക്. ശബരിമല, തിരുവൈരാണിക്കുളം ക്ഷേത്രം എന്നിവിടങ്ങളിലെ തിരക്കില്‍ വന്ന വര്‍ദ്ധനയുടെ തോത് കണക്കാക്കിയാണ് ആറ്റുകാലിലേക്കുള്ള ഭക്തരുടെ വരവില്‍ 40% വര്‍ദ്ധനയുണ്ടാകുമെന്ന് പൊലീസ് അനുമാനിക്കുന്നത്. കൂടുതല്‍ ഭക്തര്‍ എത്തുമെന്നുറപ്പാക്കി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ശിശുപാലന്‍ നായര്‍ പറഞ്ഞു. രാവിലെ 5 മുതല്‍ രാത്രി ഒരു മണി വരെ ഭക്തര്‍ക്ക് ദര്‍ശനത്തിന് സൗകര്യമുണ്ടായിരിക്കും. തിരക്കില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കാനായി പ്രത്യേക ക്യൂ സംവിധാനമുണ്ടാകും. പൊലീസിന്റേതു കൂടാതെ ക്ഷേത്രത്തിനകത്തും പരിസരത്തുമായി ട്രസ്റ്റ് കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments