കോട്ടയം: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.
ഫോൺ ഉൾപ്പെടെ ക്വാർട്ടേഴ്സിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അമിത ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കാരണം കുറച്ച് ദിവസമായി ഇദ്ദേഹം മനോവിഷമത്തിലായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. ട്രെയിനില്‍ കയറി പോയിരിക്കാമെന്നണ് പൊലീസിന്‍റെ നിഗമനം.
ഒരു പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പുലര്‍ച്ചെ 5-ന് തന്‍റെയൊപ്പം വരണമെന്ന് ബഷീർ സഹപ്രവര്‍ത്തകനോട് നേരത്തെ പറഞ്ഞിരുന്നു. ഇതനുസരിച്ച് ഇന്ന് രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ ഇദ്ദേഹം ഫോണെടുത്തില്ല. കളക്ട്രേറ്റിന് സമീപമുള്ള ക്വാട്ടേഴ്‌സിലെത്തി അന്വേഷിച്ചപ്പോള്‍ ഇദ്ദേഹം രാവിലെ പുറപ്പെട്ടെന്ന് ഭാര്യ അറിയിച്ചു.
ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബഷീര്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായി കണ്ടെത്തിയിരുന്നു.
ഈസ്റ്റ് സ്റ്റേഷനില്‍ വളരെ നാളുകളായുള്ള അമ്പതോളം വാറണ്ടുകള്‍ നടപ്പിലാക്കാനുള്ള ചുമതല ബഷീറിനായിരുന്നു. ഇതില്‍ വീഴ്ച വരുത്തിയതിനാല്‍ കഴിഞ്ഞ ദിവസം മേലുദ്യോഗസ്ഥര്‍ പരസ്യമായി ശാസിച്ചു. ഇതിന്‍റെ മനോവിഷമത്തില്‍ എവിടേയ്‌ക്കെങ്കിലും പോയതാകാമെന്നാണ് നിഗമനം.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
Post Your Comments