അഞ്‍ജു പാർവതി പ്രഭീഷ്
പ്രബുദ്ധ കേരളം കണ്ടില്ലെന്നു നടിച്ച, അവഗണിച്ച മഹത്തരമായൊരു വാർത്തയും അതിന് കാരണമായൊരു വേദികയുമാണ് ചിത്രത്തിലുള്ളത്. കൊച്ചിയിലെ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി വിശിഷ്ടാതിഥിയായി എത്തിയ നടി ഷക്കീലയും അവർ പറഞ്ഞ ചില വാചകങ്ങളും സമൂഹത്തിന് നല്കുന്ന സന്ദേശം വളരെ വലുതാണ്. കഴിഞ്ഞ ദിവസങ്ങളിലും വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷപരിപാടി വാർത്തയായിരുന്നു. എന്തിൻ്റെ പേരിൽ? ശ്രീ. സുരേഷ് ഗോപി നടത്തിയ പ്രസംഗത്തെ നല്ല രീതിയിൽ വളച്ചൊടിച്ച് അസ്സൽ കുത്തിത്തിരുപ്പ് തലക്കെട്ട് നല്കി മാധ്യമങ്ങൾ ആഘോഷിച്ചപ്പോൾ അതേറ്റു പിടിച്ച് പരമാവധി നെഗറ്റീവ് നരേറ്റീവുകൾ പടച്ചുവിടാൻ മത്സരിക്കുകയായിരുന്നു ഇവിടുത്തെ പൊ .ക പുരോഗമന ബുദ്ധിജീവികൾ. ഇടതോരം ചേരാതെ നടക്കുന്ന ആരെയും വടി വെട്ടി തല്ലാൻ മിടുക്കുള്ള പ്രബുദ്ധർക്ക് കുത്തിത്തിരുപ്പ് വാർത്തയുണ്ടാക്കി സമൂഹത്തിൽ സ്പർദ്ധയും വെറുപ്പും പടച്ചുവിടാൻ അത്യുൽസാഹമാണ്. അത്തരക്കാർക്ക് ഇത്തരം പോസിറ്റീവ് ആയ , മനോഹരമായ വാർത്തകളോട് കടക്ക് പുറത്ത് നയമാണ്.
ഒരു സിനിമാ പ്രൊമോഷൻ്റെ ഭാഗമായി ഷക്കീലയുടെ പേര് വച്ച് മാർക്കറ്റ് ചെയ്ത് സിനിമയെ പ്രൊമോട്ട് ചെയ്യാൻ ശ്രമിച്ച സംവിധായകൻ. നെഗറ്റീവ് പബ്ലിസിറ്റിക്കായി ഏതറ്റം വരെയും പോകുന്ന ഒമർ ലുലു ചെയ്ത ചീപ്പ് മാർക്കറ്റിങ് തന്ത്രമായിരുന്നു അന്നത്തെ ഹൈലൈറ്റ് മാൾ ഇഷ്യു. ഷക്കീല എന്ന മനുഷ്യരെ സ്നേഹിക്കുവാൻ മാത്രം അറിയുന്ന ഒരു പാവം ആർട്ടിസ്റ്റിനെ വല്ലാതെ നോവിച്ച, അപമാനിച്ച സംഭവം. ഒരു സമയത്ത് തളർന്ന്, കിതച്ച് കിടന്നിരുന്ന മലയാളം സിനിമാ ഇൻഡസ്ട്രിയെ തിരികെ പുഷ്ടിപ്പെടുത്തിയെടുക്കാൻ അവർ നല്കിയ സംഭാവന വളരെ വലുത് തന്നെയായിരുന്നു. നമ്മൾ അഴുകിയ സദാചാര ബോധം കൊണ്ട് ഭ്രഷ്ട് കല്പിച്ച ആർട്ടിസ്റ്റ് . ഇന്നത്തെ യുവ തരംഗങ്ങൾ ടിക് ടോക്കിലും ഇൻസ്റ്റയിലും സോഷ്യൽ മീഡിയയിലും തുറന്നുകാട്ടുന്നതിനേക്കാൾ എന്തധികമാണ് അവർ സ്ക്രീനിൽ പ്രദർശിപ്പിച്ചത്? ഒന്നുമില്ല!
സ്ത്രീസമത്വത്തിനും സ്ത്രീപക്ഷത്തിനുമായി അമ്പത് ലക്ഷത്തിൻ്റെ വനിത മതിലു കെട്ടിയ കേരളത്തിലെ ഹൈലൈറ്റ് മാളിലാണ് നല്ല സമയം എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിന് ക്ഷണിക്കപ്പെട്ട അവർക്ക് അനുമതി നിഷേധിച്ച സംഭവമുണ്ടായത്. അതും പുരോഗമനവാദികളായ ഒരു പറ്റം മനുഷ്യരിൽ നിന്നും. അന്ന് അവരെ അപമാനിച്ച അതേ കേരളത്തിലെ തന്നെ ഒരു മഹാദേവ ക്ഷേത്രത്തിലെ പ്രധാന ഉത്സവത്തിന് ക്ഷണിക്കപ്പെട്ട പ്രധാന അതിഥിയായി അവരെത്തുമ്പോൾ അതിനേക്കാൾ മഹത്തരമായ സന്ദേശമെന്താണ്? ഇതല്ലേ യഥാർത്ഥ നവോത്ഥാനം? അവിടെ ആ വേദിയിൽ വച്ച് ഷക്കീല പറയുകയുണ്ടായി തനിക്ക് ഹൈലൈറ്റ് മാളിൽ നേരിട്ട തിക്താനുഭവത്തെ കുറിച്ചും അതിന് പകരമായി മഹാദേവൻ നല്കിയ സമ്മാനത്തെ കുറിച്ചുമൊക്കെ.
ഇവിടെയാണ് പരമപവിത്രമായ സനാതന ധർമ്മത്തിൻ്റെ മൂല്യം ചർച്ചയാവേണ്ടത്. ഓരോ നിമിഷവും ഓരോ ദിവസവും കാലത്തിനനുസരിച്ച് മാറ്റം ഉൾക്കൊണ്ട് നവീകരിക്കപ്പെടുന്ന മതമാണത്. ശിവരാത്രി ആഘോഷം പോലെ പരമപവിത്രമായ ഒരു പുണ്യദിനാഘോഷത്തിൻ്റെ ഭാഗമായി ഷക്കീല എന്ന മനുഷ്യസ്നേഹിയെ ( അനാഥമാക്കപ്പെട്ട ബാല്യങ്ങളോടും അഗതികളോടും ചേർന്നുനിന്ന് കൊണ്ട്, ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ജീവകാരുണ്യ സംഘടന നയിക്കുന്ന വ്യക്തിയാണവർ ) മുഖ്യാതിഥിയാക്കിയ ക്ഷേത്രകമ്മറ്റിയും അവർ വേദിയിൽ വരുമ്പോൾ കയ്യടിച്ചാനയിച്ച ഭക്തരും ഈ കാലഘട്ടത്തിൻ്റെ പ്രത്യാശകളാണ്. ഇതിനേക്കാൾ അർത്ഥവത്തായ , മികച്ച എന്ത് സന്ദേശമാണ് ഒരു മഹാക്ഷേത്രത്തിന്, ഒരു ഉത്സവക്കാഴ്ചയ്ക്ക് പൊതുസമൂഹത്തിൽ നല്കാനാവുക?
നാഴികയ്ക്ക് നാല്പത് വട്ടം ഹൈന്ദവവിശ്വാസങ്ങളെ നിന്ദിക്കാനും സനാതന ധർമ്മത്തെ ഇകഴ്ത്താനും മനുസ്മൃതിയിലെ ന സ്ത്രീ സ്വാതന്ത്ര്യമർഹതി എടുത്ത് പൊക്കി നടക്കുന്നവർക്ക് മുന്നിൽ അതേ മനുസ്മൃതിയിലെ ഈ വരികൾ പങ്കു വയ്ക്കുന്നു.
“യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ ”
സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല. എത്ര അർത്ഥസമ്പുഷ്ടമാണ് ഈ വരികൾ അല്ലേ?
സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര്‍ വിഹരിക്കുന്നു. -വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷവേദി.!
യത്രൈതാസ്തു ന പൂജ്യന്തേ സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ ” അഥവാ സ്ത്രീകൾ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല – നല്ല സമയം എന്ന ഒമർ ലുലു സിനിമ.
Post Your Comments