
കൊച്ചി: അന്തരിച്ച മലയാളത്തിന്റെ ഹാസ്യ റാണി സുബി സുരേഷിന്റെ സംസ്കാരം ഇന്ന് നടക്കും. രാജഗിരി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ വരാപ്പുഴയിലെ വീട്ടിലെത്തിക്കും.
രാവിലെ 10 മുതൽ 2 വരെ വരാപ്പുഴ പുതിയ പള്ളി ഹാളിലായിരിക്കും പൊതുദർശനം നടക്കുക. രാഷ്ട്രീയ സമൂഹ്യ ചലച്ചിത്ര രംഗത്തെ നിരവധി പേർ സുബി സുരേഷിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തും. തുടർന്ന് വൈകീട്ട് മൂന്നിന് ചേരാനല്ലൂർ ശ്മശാനത്തിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും. തൃപ്പൂണിത്തുറ സ്വദേശിയായ സുബി കുറച്ചു കാലമായി വരാപ്പുഴ തിരുമുപ്പത്താണ് താമസിച്ചിരുന്നത്.
കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം വൃക്കകളെ ബാധിച്ചിരുന്നു. കരൾ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റ്യൂഷനൽ ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് സംസ്ഥാന മെഡിക്കൽ ബോർഡ് ഇന്നലെ അപേക്ഷ പരിഗണിക്കാനിരിക്കെയാണ് സുബിയുടെ മരണം.
കഴിഞ്ഞ മാസം 28നാണ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ സുബിയെ പ്രവേശിപ്പിച്ചത്. രോഗ പ്രതിരോധശേഷി കുറവായതിനാൽ മരുന്നുകളാട് ശരീരം ഒരു ഘട്ടത്തിലും പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് കരൾ മാറ്റ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദേശിച്ചത്.
സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി മിനിസ്ക്രീന്‍ രംഗത്തേക്ക് വരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Post Your Comments