KeralaLatest NewsNews

കെ എസ് ഇ ബി ആവിഷ്‌ക്കരിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി

തിരുവനന്തപുരം: വൈദ്യുത ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി കെ എസ് ഇ ബി ആവിഷ്‌ക്കരിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി. ഇന്ത്യൻ സ്മാർട്ട് ഗ്രിഡ് ഫോറം (ISGF) 2023 ൽ Emerging Innovation in electric Mobility Domain- EV and EVSE Rollouts വിഭാഗത്തിൽ നൽകുന്ന ഡയമണ്ട് അവാർഡ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന് ലഭിച്ചു. ഇരുചക്ര മുച്ചക്ര വൈദ്യുത വാഹനങ്ങൾക്കായി രാജ്യത്തുതന്നെ ആദ്യമായി കെ എസ് ഇ ബി ആവിഷ്‌ക്കരിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ എന്ന നവീന ആശയമാണ് അവാർഡിന് അർഹമായത്. സംസ്ഥാനമൊട്ടാകെ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച ഇത്തരം ചാർജറുകൾ വഴി വൈദ്യുത വാഹന രംഗത്ത് വലിയ മുന്നേറ്റമാണ് കെ എസ് ഇ ബി നടത്തിയത്.

Read Also: കോവിഡ് പേടിയില്‍ മകനുമൊത്ത് പൂട്ടിയിട്ട വീട്ടില്‍ യുവതി കഴിഞ്ഞത് മൂന്ന് കൊല്ലം; ഭര്‍ത്താവിനെ പോലും കയറ്റിയില്ല

സംസ്ഥാനമൊട്ടാകെ, ഓരോ നിയോജക മണ്ഡലത്തിലും അതത് എംഎൽഎമാർ നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് 1150 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഇ – ഓട്ടോറിക്ഷകൾ ഉള്ള കോഴിക്കോട് ജില്ലയിൽ 10 പൈലറ്റ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പൈലറ്റ് പദ്ധതി വൻവിജയമായതിനെ തുടർന്ന്, വൈദ്യുത ഇരുചക്ര മുച്ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ ആവശ്യപ്രകാരമാണ് സംസ്ഥാന വ്യാപകമായി പദ്ധതി വിപുലീകരിച്ചത്.

മൂലധനചെലവ് പരമാവധി കുറച്ചുകൊണ്ട് നിലവിലുള്ള വൈദ്യുതി പോസ്റ്റുകളിൽ തന്നെ ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചത് വഴി കുറഞ്ഞ ചെലവിൽ യഥേഷ്ടം ചാർജിംഗ് നടത്തുന്നതിനുള്ള സൗകര്യമാണ് ലഭ്യമായിട്ടുള്ളത്. അത്യാവശ്യഘട്ടങ്ങളിൽ വൈദ്യുത കാറുകൾ ചാർജ് ചെയ്യുന്നതിനും ഇവ ഉപയോഗിക്കാൻ കഴിയും. കെഎസ്ഇബി തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ള KEMapp എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി വാഹനങ്ങൾ അനായാസം ചാർജ് ചെയ്യാനാകും. ചാർജ് മോഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ പദ്ധതിക്കായുള്ള ചാർജിങ് ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തത്. ഇവ സ്ഥാപിച്ചത് ജനസിസ് എഞ്ചിനീയേർസ് & കോൺട്രാക്ടേഴ്‌സ് എന്ന സ്ഥാപനമാണ്. നിലവിൽ 51,000 ഓളം ഇരുചക്ര വാഹനങ്ങളും 4500ൽപ്പരം ഓട്ടോറിക്ഷകളും ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യയിൽ ആദ്യമായി കെ എസ് ഇ ബി രൂപകല്പന ചെയ്ത് നടപ്പാക്കിയ പോൾമൗണ്ടഡ് ചാർജിങ് സ്റ്റേഷൻ എന്ന ആശയം ഇതര സംസ്ഥാനങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. ISGF ഡയമണ്ട് അവാർഡ് ലഭിച്ച സാഹചര്യത്തിൽ രാജ്യത്തിനാകെ മാതൃകയായ പദ്ധതി നടപ്പിലാക്കിയ കെ എസ് ഇ ബി ഉദ്യോഗസ്ഥരെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അഭിനന്ദിച്ചു. 2023 മാർച്ച് 3 ന് ഡൽഹിയിൽ നടക്കുന്ന പുരസ്‌കാരദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

Read Also: നിരവധി കുത്തിവെപ്പുകള്‍ എടുക്കാറുണ്ടായിരുന്നു, ഇന്ന് നടക്കാൻ പോലും പ്രയാസപ്പെടുന്നു: അക്തറിനെതിരെ വിവാദ വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button