അരൂർ: ക്ഷേത്രത്തിൽ കാണിക്കയിടാൻ പോയ ബസ് കണ്ടക്ടറെ തെരുവുനായ കടിച്ചു. കണ്ടക്ടർ ആശുപത്രിയിലായതോടെ സർവീസ് മുടങ്ങിയ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത് 7500 രൂപ.
അരൂർ ക്ഷേത്രം പൂച്ചാക്കൽ വഴി ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന കെ.എൽ. 32 ജി. 7575 നമ്പർ ‘വെള്ളിമുറ്റത്തപ്പൻ’ ബസിലെ കണ്ടക്ടർ ചേന്നംപള്ളിപ്പുറം 17-ാം വാർഡ് പാമ്പുംതറയിൽ വിഗ്നേഷിനെയാണ് ബുധനാഴ്ച രാവിലെ പട്ടി കടിച്ചത്.
ചേർത്തലയിൽ നിന്ന് രാവിലെ 7.50-ന് ബസ് അരൂർ ക്ഷേത്രം കവലയിലെത്തി. മടക്ക സർവീസ് 8.05-നാണ്. ഇതിനിടെ കാർത്ത്യായനി ദേവീക്ഷേത്രത്തിൽ കാണിക്കയിട്ടു മടങ്ങുമ്പോഴാണ് ഇടതുകാലിൽ പട്ടി കടിച്ചത്. ഡ്രൈവർ ഉടൻ ബസുടമയെ അറിയിച്ച് വിഗ്നേഷുമായി അരൂക്കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോയി. അവിടെ മരുന്നില്ലാഞ്ഞതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പോയി.
ഇതിനിടെ ഒൻപതു മണിയോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോൾ 8.05-നു പോകേണ്ട ബസ് നിർത്തിയിട്ടിരിക്കുന്നതു കണ്ടു. ഉദ്യോഗസ്ഥർ ബസിന്റെ ഫോട്ടോയെടുത്തു. മറ്റു ബസുകളിലെ ജീവനക്കാർ കാര്യം പറഞ്ഞെങ്കിലും 7500 രൂപ പിഴയടയ്ക്കാൻ ഉടമയ്ക്കു നിർദേശം നൽകി. അദ്ദേഹവും ഉദ്യോഗസ്ഥരോടു വിവരം അറിയിച്ചെങ്കിലും ചേർത്തല ജോയിന്റ് ആർ.ടി.ഒയെ കാര്യം ധരിപ്പിക്കാനായിരുന്നു നിർദേശം. ബുധനാഴ്ച ചെന്നെങ്കിലും ഉദ്യോഗസ്ഥനെ കാണാനായില്ല. അടുത്ത ദിവസം കണ്ട് കാര്യം ബോധിപ്പിച്ചാൽ പിഴ ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും ഉടമയും.
Post Your Comments