തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ പ്രതി കുണ്ടമൺകടവ് സ്വദേശി പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ആർഎസ്എസ് പ്രവർത്തകൻ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രകാശിനൊപ്പം ആശ്രമം കത്തിച്ച ശബരി, ഇവർക്ക് വാഹനം നൽകിയ വിജിലേഷ് എന്നീ ആർഎസ്എസ് പ്രവർത്തകർക്കായിട്ടാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. അറസ്റ്റിലായ കൃഷ്ണകുമാർ അടക്കം പ്രകാശിന്റെ ആത്മഹത്യാ കേസിലും പ്രതികളാണ്. ആത്മഹത്യ കേസിൽ റിമാൻഡിൽ കഴിയവേയാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്.
സന്ദീപാനന്ദഗിരിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു. ഈ കേസിൽ ശബരി രണ്ടാം പ്രതിയും കൃഷ്ണകുമാർ മൂന്നാം പ്രതിയുമാണ്.
കത്തിക്കുന്നതിനു മുൻപായി ആശ്രമത്തിൽ സ്ഥാപിച്ച റീത്ത് ചാലയിൽ നിന്നു വാങ്ങിയത് കൃഷ്ണകുമാറാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ആശ്രമം കത്തിച്ചത് താനാണെന്നു മരിക്കുന്നതിനു മുൻപ് പ്രകാശ് വെളിപ്പെടുത്തിയതായി സഹോദരൻ പ്രശാന്ത് പറഞ്ഞത് കേസിൽ നിർണായകമായി. ഈ മൊഴി കോടതിയിൽ പ്രശാന്ത് മാറ്റിയെങ്കിലും ക്രൈംബ്രാഞ്ച് കേസുമായി മുന്നോട്ടു പോയി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ആശ്രമം കത്തിക്കാനായി പ്രകാശും ശബരിയും ബൈക്കിൽ സഞ്ചരിക്കുന്ന സിസിടിവി ദ്യശ്യങ്ങളും ലഭിച്ചിരുന്നു. കത്തിക്കുന്നതിനു മുൻപ് സന്ദീപാനന്ദഗിരിക്ക് ആദരാഞ്ജലികൾ എന്നെഴുതിയ റീത്താണ് ആശ്രമത്തിനു മുന്നിൽ സ്ഥാപിച്ചത്.
2018 ലാണ് ആശ്രമത്തിനു മുന്നിലെ വാഹനവും ആശ്രമത്തിന്റെ ചില ഭാഗങ്ങളും കത്തി നശിച്ചത്. കേസിൽ ആർഎസ്എസുകാരൻ പിടിയിലായതോടെ ഇക്കാര്യത്തിൽ സംഘപരിവാർ നടത്തി വന്ന നുണപ്രചാരണം പൊളിഞ്ഞെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു സംശയിക്കുന്നു. എല്ലാവരെയും പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments