വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ വേണമെന്ന പെൻഷൻകാരുടെ ആവശ്യത്തിന് പുതിയ മാർഗ്ഗരേഖ പുറത്തിറക്കി എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. പുതിയ സർക്കുലർ പ്രകാരം, ഉയർന്ന പെൻഷൻ നേടുന്നതിനായി തൊഴിലാളികളും തൊഴിലുടമയും ചേർന്ന് സംയുക്തമായി ഓപ്ഷൻ നൽകാവുന്നതാണ്. ഇതിന് അപേക്ഷ സമർപ്പിക്കുന്നതിനായി ഉടൻ ഓൺലൈൻ സംവിധാനം ഒരുക്കാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് ഉയർന്ന പെൻഷന് അപേക്ഷിക്കാൻ സുപ്രീംകോടതി നൽകിയ സമയപരിധി മാർച്ച് നാലിന് അവസാനിക്കാനിരിക്കുകയാണ് പെൻഷൻകാർക്ക് ആശ്വാസ വാർത്തയുമായി ഇപിഎഫ്ഒ പുതിയ സർക്കുലർ പുറത്തിറക്കിയത്.
2014 സെപ്തംബർ ഒന്നിന് ശേഷം വിരമിച്ചവർക്കും, നിലവിൽ സർവീസിൽ തുടരുന്നവർക്കും ഉയർന്ന പെൻഷൻ നൽകാനുള്ള അവസരമുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം, 5,33,166 വിരമിച്ച ജീവനക്കാരാണ് പിഎഫ് പെൻഷൻ പരിധിയിൽ ഉള്ളത്. കൂടാതെ, 6,79,78,581 പേർ പെൻഷൻ പദ്ധതിയിൽ തുടരുന്നുണ്ട്. ഇതിൽ വിരമിച്ച ജീവനക്കാരിൽ പകുതിയിലധികം പേർക്കും പെൻഷനായി ലഭിക്കുന്നത് കുറഞ്ഞ തുകയാണ്. ഇതിനെ തുടർന്നാണ് ജീവനക്കാർ നിയമ പോരാട്ടത്തിന് ഒരുങ്ങിയത്. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷന് അപേക്ഷിക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം ഇതിനോടകം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് കത്തയച്ചിരുന്നു.
Post Your Comments