കോഴിക്കോട്: അബദ്ധത്തിൽ ട്രെയിൻ മാറിക്കയറിയ യാത്രക്കാരിയെ പരസ്യമായി അപമാനിച്ച് ടി.ടി.ഇ. യാത്രക്കാരിയുടെ ചുരിദാറിന്റെ ഷാള്‍ ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥ ഊരിക്കൊണ്ടുപോയതായി പരാതി. ബാലുശ്ശേരി സ്വദേശിനിയായ നൗഷത്തിനാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ വെച്ച് അപമാനകരമായ അനുഭവം ഉണ്ടായത്. സംഭവത്തിൽ കേന്ദ്ര റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ യുവതി പരാതി നൽകി.
ഷാള്‍ അഴിച്ചെടുത്ത് കൊണ്ടുപോയ ഉദ്യോഗസ്ഥ രണ്ടുമണിക്കൂറിന് ശേഷമാണ് ഇത് തിരികെ നല്‍കിയതെന്നും കരഞ്ഞുപറഞ്ഞിട്ടും ഷാള്‍ തിരികെ നല്‍കാന്‍ തയ്യാറായില്ലെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ അപമാനിച്ചെന്നുമാണ് യുവതിയുടെ പരാതി. പിഴ അടച്ചശേഷം ഉദ്യോഗസ്ഥ ഷാള്‍ തിരികെ നല്‍കുന്നതിന്റെ വീഡിയോയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.
തലശ്ശേരിയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് മെമു ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്ത യുവതി, ട്രെയിന്‍ മാറി ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കയറുകയായിരുന്നു. ആദ്യമായിട്ടാണ് യുവതി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. ഇന്റര്‍സിറ്റി എക്‌സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ യുവതി കോഴിക്കോട് ഇറങ്ങുകയായിരുന്നു. ഇവിടെ വെച്ച് ടിക്കറ്റ് പരിശോധിക്കുന്ന ആൾ എത്തി. കാര്യം പറഞ്ഞെങ്കിലും, ഇവർ ഒന്നും കേൾക്കാൻ തയ്യാറായില്ല. പിഴ അടയ്ക്കണമെന്ന് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ചുരിദാറില്‍ പിന്നുകൊണ്ട് കുത്തിവെച്ച ഷാള്‍ വലിച്ചുപറച്ച് ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥ കടന്നുപോകുകയായിരുന്നു. രണ്ട് മണിക്കൂറോളം യുവതിയെ സ്റ്റേഷനിൽ നിർത്തിച്ചു, പിന്നീടാണ് ഷാൾ തിരിച്ച് നൽകി വിട്ടയച്ചത്.
Post Your Comments