പ്രമുഖ ടെലികോം സേവന ദാതാവായ എയർടെലിൽ പുതിയ മാറ്റങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, കേരളം ഉൾപ്പെടെയുള്ള 19 സർക്കിളുകളിൽ മിനിമം റീചാർജ് പ്ലാൻ ഉയർത്തിയിരിക്കുകയാണ് എയർടെൽ. ഇതുവരെ, എയർടെൽ ഉപഭോക്താക്കൾക്ക് മിനിമം റീചാർജ് ചെയ്യാൻ 99 രൂപ മാത്രമായിരുന്നു ചെലവ്. എന്നാൽ, പുതുക്കിയ നിരക്കുകൾ അനുസരിച്ച് മിനിമം റീചാർജ് ചെയ്യാൻ 155 രൂപ ചെലവാകും. ഇതോടെ, എയർടെൽ സിം സജീവമായി നിലനിർത്താൻ ഓരോ ഉപഭോക്താവ് പ്രതിമാസം കുറഞ്ഞത് 155 രൂപയ്ക്കെങ്കിലും റീചാർജ് ചെയ്യേണ്ടിവരും. ഏതാനും മാസങ്ങൾക്ക് മുൻപ് ചില സർക്കിളുകളിൽ എയർടെൽ 99 രൂപയുടെ പ്ലാൻ അവസാനിപ്പിച്ചിട്ടുണ്ട്.
നിരവധി ആനുകൂല്യങ്ങൾ 155 രൂപയുടെ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 155 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് അൺലിമിറ്റഡ് കോളിംഗ്, 1 ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവ ലഭിക്കുന്നതാണ്. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. കമ്പനിയെ സംബന്ധിച്ചിടത്തോളം പുതുക്കിയ നിരക്കുകൾ നേട്ടം നൽകുമെങ്കിലും, ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. 99 രൂപ പായ്ക്ക് ഉപയോഗിച്ച് റീചാർജ് ചെയ്ത എയർടെൽ ഉപഭോക്താക്കൾക്ക് പ്രതിമാസ അടിസ്ഥാനത്തിൽ 57 ശതമാനമാണ് അധികമായി നൽകേണ്ടി വരുന്നത്.
Also Read: ദേശീയപാതയ്ക്ക് നടുവില്‍ പതിറ്റാണ്ടുകളായി നിലനിന്ന ഒറ്റപ്പന മുറിച്ച് മാറ്റി
Post Your Comments