റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഇത്തവണ വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ അറിയാം.
ഒരു വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.75 ശതമാനത്തിൽ നിന്നും 6.8 ശതമാനമായാണ് വർദ്ധിപ്പിച്ചത്. മുതിർന്ന പൗരന്മാർക്ക് 7.30 ശതമാനവും, 80 വയസിന് മുകളിലുള്ളവർക്ക് 7.6 ശതമാനവും പലിശ ലഭിക്കും. രണ്ട് വർഷത്തിന് മുകളിലും മൂന്ന് വർഷത്തിന് താഴെയും കാലാവധിയുള്ള സ്ഥിര നിക്ഷേപം നടത്തുന്ന സാധാരണക്കാർക്ക് 7.0 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും, സൂപ്പർ സീനിയർ സിറ്റിസൺ കാറ്റഗറിയിൽ വരുന്നവർക്ക് 7.8 ശതമാനവും പലിശ ലഭിക്കും.
666 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയാണ് നിലവിൽ ലഭിക്കുന്നത്. ഇതിൽ മാറ്റമില്ല. 80 വയസിനു മുകളിൽ പ്രായമുള്ളവർക്ക് 8.05 ശതമാനം വരെ പലിശ ലഭിക്കുന്നതാണ്. അതേസമയം, വിവിധ കാലയളവിലുള്ള മറ്റു സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും ബാങ്ക് ഉയർത്തിയിട്ടുണ്ട്.
Post Your Comments