കൊച്ചി: വറുത്ത മീന്‍ പെണ്‍കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുന്നത് മുഖക്കുരു വരാതിരിക്കാനാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. കഴിഞ്ഞ ദിവസത്തെ തന്റെ ‘വറുത്ത മീൻ’ പ്രസ്താവന ചർച്ചയായതിന് പിന്നാലെയാണ് ഷൈന്റെ മറുപടി. ആൺകുട്ടികൾക്ക് ഉള്ള സൗന്ദര്യം മതിയെന്നും, പെൺകുട്ടികൾക്ക് വറുത്ത മീൻ കൊടുത്താൽ മുഖക്കുരു വരുമെന്നുമാണ് ഷൈന്റെ കണ്ടുപിടുത്തം.
കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിനിടെ സ്ത്രീകളുടെ അവകാശത്തെ കുറിച്ച് പറയവെയാണ് ഷൈൻ, വറുത്ത മീൻ പരാമർശം നടത്തത്തിയത്. സ്വന്തം വീട്ടില്‍ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് സ്ത്രീകൾ ആദ്യം പൊരുതേണ്ടതെന്നുമായിരുന്നു ഷൈന്റെ പ്രസ്താവന. ആദ്യം ആ അവകാശത്തിന് വേണ്ടി പോരാടണമെന്നും, എന്നിട്ടുമതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനു വേണ്ടിയുമുള്ള പൊരുതല്‍ എന്നാണ് ഷൈന്റെ അഭിപ്രായം.
ഷൈന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനത്തിന് പൊരിച്ച മീന്‍ ഉദാഹരണം പറഞ്ഞ നടി റിമ കല്ലിങ്കലിന്റെ പ്രസ്താവന സോഷ്യൽ മീഡിയകളിൽ വീണ്ടും ശ്രദ്ധേയമായിരുന്നു. ഒരു ടെഡ് ടോക്ക് പരിപാടിയിലാണ് റിമ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും വ്യത്യസ്‍തമായ പരിഗണനയാണ് പലവീടുകളിലും ലഭിക്കുന്നത് എന്ന് സമര്‍ഥിക്കാന്‍ തന്‍റെ വീട്ടില്‍ പൊരിച്ച മീന്‍ നല്‍കിയിരുന്നത് ചേട്ടന്മാര്‍ക്ക് ആയിരുന്നു എന്ന് സൂചിപ്പിച്ചത്. ഇത് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ട്രോൾ ചെയ്യപ്പെടുകയായിരുന്നു.
‘സ്ത്രീകള്‍ എന്തിന് ഒരു പരിചയവുമില്ലാത്ത വീട്ടില്‍ പോയി ജീവിതം തുടങ്ങുന്നു. സ്വന്തം വീട്ടില്‍ ജീവിക്കാനുള്ള ആ അവകാശത്തിനു വേണ്ടിയാണ് ആദ്യം പൊരുതേണ്ടത്. എന്നിട്ടുമതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനു വേണ്ടിയുമുള്ള പൊരുതല്‍. ആദ്യം അതാണ് നേടിയെടുക്കേണ്ടത്. അവരവര്‍ ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഏതെങ്കിലും സ്ത്രീ പൊരുതിയിട്ടുണ്ടോ? അങ്ങനെ നിങ്ങള്‍ക്ക് പൊരുതണമെങ്കില്‍ ആദ്യം സ്വന്തം വീട്ടില്‍ നിന്ന് പൊരുതണം. പെണ്‍കുട്ടികള്‍ ആണുങ്ങളോട് പറയണം നിങ്ങള്‍ വിവാഹം കഴിച്ച് പൊയ്‌ക്കോളൂ, ഞങ്ങള്‍ കുടുംബത്തിരുന്നോളാമെന്ന്. അതാണ് സ്വാതന്ത്ര്യം, സമത്വം’, എന്നാണ് ഷൈൻ പറയുന്നത്.
Post Your Comments