തിരുവനന്തപുരം: നൂതന കൃഷി രീതികൾ പഠിക്കാൻ സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിലേക്കയച്ച സംഘത്തിലെ കർഷകനെന്ന് അവകാശപ്പെട്ട കണ്ണൂർ സ്വദേശി ബിജു കുര്യൻ മുങ്ങിയത് സർക്കാരിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഇസ്രയേലിലെത്തിയ ബിജു കൃത്യമായ ലക്ഷ്യത്തോടെയാണ് മുങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ കൃഷി ചെയ്താൽ കിട്ടുന്നതിന്റെ പത്തിരട്ടിയിൽ കൂടുതൽ പണം ഇസ്രയേലിൽ കൂലിപ്പണിയെടുത്താൽ ലഭിക്കുമെന്ന് തിരിച്ചറിഞ്ഞ ബിജു, ഇതിനായി സ്ഥലം കാളിയാക്കുകയായിരുന്നു.
ബിജു കുര്യന്‍ അപ്രത്യക്ഷനായത് നാട്ടിലേക്ക് മടങ്ങുന്നതിനു തലേന്ന് രാത്രിയാണെന്ന് തിരിച്ചെത്തിയ സംഘാംഗങ്ങള്‍ പറഞ്ഞു. രാത്രി ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയശേഷം പെട്ടെന്ന് ബിജുവിനെ കാണാതാവുകയായിരുന്നു. പോലീസെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ‘ഇസ്രയേലില്‍ ശുചീകരണജോലി ചെയ്താല്‍ത്തന്നെ ദിവസം 15,000 രൂപകിട്ടും. കൃഷിമേഖലയിലും ഇരട്ടിയാണ് വേതനം. ഇതെല്ലാമറിഞ്ഞ് കൃത്യമായി ആസൂത്രണം ചെയ്ത് ബിജു മുങ്ങിയതെന്നാണ് കരുതുന്നത്.
ഈ മാസം 17നാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തിൽ 27 കർഷകർ ഇസ്രയേലിലേക്ക് പോയത്. ഈ മാസം 20ന് വെളുപ്പിന് അവരിൽ ബിജു കുര്യൻ ഒഴികെയുള്ളവർ മടങ്ങിവരികയും ചെയ്തു. മടക്കയാത്രയുടെ തലേന്നാണ് ബിജു കുര്യനെ കാണാതാകുന്നത്. വെറും രണ്ട് ദിവസം കൊണ്ട് ബിജു കുര്യൻ പഠിച്ചത് ഇസ്രയേലിലെ കൃഷിയല്ല, മറിച്ച് അവിടെ പണിയെടുത്താൽ ലഭിക്കുന്ന പണത്തെ കുറിച്ചാണ്. ആ പണം ഉപയോഗിച്ച് നേടാൻ പറ്റുന്ന, ജന്മനാടിന് നൽകാൻ കഴിയാത്ത സൗഭാഗ്യങ്ങളെ കുറിച്ചാണ്.
രണ്ടോ നാലോ വർഷം ഇസ്രയേലിൽ ജോലി ചെയ്താൽ നാട്ടിൽ തിരിച്ചെത്തി സുഖമായി കഴിയാം. കേരളത്തിൽ സർക്കാർ സഹായത്തോടെ കൃഷി ചെയ്യുന്നതിലും ഭേദം അന്യനാടുകളിൽ പോയി കൂലിപ്പണി എടുക്കുന്നതാണെന്ന തിരിച്ചറിവാണ് ബിജുവിനെ കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചതെന്നാണ് കരുതുന്നത്. കേരളത്തിലെ കൃഷിയും ഇസ്രയേലിലെ കൂലിപ്പണിയും തമ്മിൽ താരതമ്യം ചെയ്ത് ഇസ്രയേലിലെ കൂലിപ്പണിയാണ് അന്തസ് എന്നാണ് ബിജു പറഞ്ഞുവെയ്ക്കുന്നത്.
Post Your Comments