തെങ്കാശി: തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ വനിതാ ഗേറ്റ് കീപ്പറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പത്തനാപുരം സ്വദേശിയെ കുറിച്ച് പോലീസ് പറയുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ. ഇയാൾ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായ ആളാണെന്നാണ് പോലീസ് നൽകുന്ന സൂചന. പത്തനാപുരം സ്വദേശിയായ അനീഷാണ് അറസ്റ്റിലായത്. ചെങ്കോട്ടയിൽ നിന്നാണ് പ്രതി റെയിൽവേ പൊലീസിന്റെ പിടിയിലായത്. തെങ്കാശിയിൽ പെയിന്റിങ് തൊഴിലാളിയായി പ്രവർത്തിക്കുന്ന അനീഷ് മുൻപും ഇത്തരം കേസുകളിൽ പിടിയിലായിട്ടുണ്ട്.
കൊല്ലം കുന്നിക്കോട് സ്റ്റേഷനിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു. കുന്നിക്കോട് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലെ പ്രതിയായ ഇയാൾ ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം ചെങ്കോട്ടയിൽ പെയിൻ്റിംഗ് ജോലിക്ക് എത്തിയപ്പോഴാണ് വനിതാ ഗേറ്റ് കീപ്പറെ കാണുന്നതും ആക്രമിക്കാൻ പദ്ധതിയിട്ടതും.
തെങ്കാശിയിൽ എത്തിയ അനീഷ് വനിതാ ഗേറ്റ് കീപ്പറെ ദിവസങ്ങളോളം ശ്രദ്ധിച്ച് പോന്നു. രാത്രിയിൽ റെയിൽവേ ഗേറ്റിൽ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി യുവതിയെ കീഴ്︋പ്പെടുത്താൻ പദ്ധതിയിട്ടു. യുവതിയെ ആക്രമിക്കുന്ന സമയത്ത് അക്രമിയായ അനീഷ് കാക്കി പാന്റ്സ് മാത്രമാണ് ധരിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി എട്ടേമുക്കാലിനായിരുന്നു സംഭവം. ഗാർഡ് റൂമിൽ മൊബൈലിൽ നോക്കിയിരിക്കെ പിന്നിലൂടെ എത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. മുഖത്ത് കല്ലുകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം പീഡിപ്പിക്കാൻ ശ്രമം നടന്നത്. ഫോൺ റിസീവറെടുത്ത് തലയ്ക്കടിച്ചു. ചവിട്ടിവീഴ്ത്തി ട്രാക്കിലൂടെ വലിച്ചിഴച്ചിഴയ്‌ക്കുകയായിരുന്നു.
അതിനിടെ പ്രതിയുടെ തലമുടിയിൽ പിടിച്ച് വലിച്ച യുവതി കുതറിയോടി തൊട്ടടുത്തെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. പ്രതിയുടെ ചെരുപ്പും വസ്ത്രങ്ങളുമാണ് പൊലീസിനെ അന്വേഷണത്തിൽ സഹായിച്ചതെന്നാണ് സൂചനകൾ. സ്ത്രീകളോട് ലെെംഗിക ഉദ്ദേശ്യത്തോടെ ഇടപെടുന്ന വ്യക്തിയാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു. യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലായതു കൊണ്ടാണ് പ്രതി ആക്രമണത്തിന് മുതിർന്നതെന്നും പൊലീസ് പറഞ്ഞു.
Post Your Comments