ബോർഡർ-ഗവാസ്‌കർ ട്രോഫി നിലനിർത്താൻ തങ്ങളുടെ ജൈത്ര യാത്ര തുടരുകയാണ് ഇന്ത്യ. ആതിഥേയർ ഓസ്‌ട്രേലിയയെ സ്വന്തം തട്ടകത്തിൽ തകർത്തതിന് പിന്നാലെ, രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമിനെ പുകഴ്ത്തി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചീഫ് റമീസ് രാജ രംഗത്തെത്തിയത് ശ്രദ്ധേയമായി. ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത് റമീസിന്റെ വാക്കുകളാണ്.
ഒരു ടീമിനും സ്വന്തം തട്ടകത്തിൽ ഇന്ത്യയെ തോൽപ്പിക്കുക അസാധ്യമാണെന്ന് രാജ അവകാശപ്പെട്ടു. ‘ഓസ്ട്രേലിയയുടെ മത്സരം എങ്ങനെ അവസാനിച്ചുവോ, അതുപോലെ, ഓസീസ് ഉപഭൂഖണ്ഡ ടീമുകൾക്കെതിരായ മത്സരങ്ങൾ പെർത്തിലോ ബ്രിസ്‌ബേനിലോ ഫിനിഷ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ, ഇന്ത്യയിൽ മികച്ച ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ഓസ്‌ട്രേലിയക്ക് കഴിയില്ലെന്നാണ് ഇന്നത്തെ കളിയിൽ മനസിലാകുന്നത്. ഇന്ത്യയിൽ ടീം ഇന്ത്യയെ തോൽപ്പിക്കുക അസാധ്യമാണ്’, തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
അതേസമയം, അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ രവീന്ദ്ര ജഡേജയുടെ പ്രചോദനം ഉൾക്കൊണ്ട ഇന്ത്യൻ ടീം പാറ്റ് കമ്മിൻസിനെയും കൂട്ടരെയും 6 വിക്കറ്റിന് തകർത്തു. രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ടീം, ഓസ്‌ട്രേലിയയ്‌ക്കെതിരെ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 2-0 ന് അപരാജിത ലീഡ് നേടി.
Post Your Comments