മാള: മാരക ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. മാള അഷ്ടമിച്ചിറ കാട്ടിക്കരക്കുന്ന് കുട്ടമുഖത്ത് ഫൈസൽ (43), അഷ്ടമിച്ചിറ ചെമ്മലത്ത് ആഷ്ലി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല ഡാൻസാഫ് ടീമും മാള പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. 45 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്.
ശനിയാഴ്ച ഉച്ചക്കാണ് സംഭവം. കാട്ടിക്കരക്കുന്നിലെത്തിയ പൊലീസ് സംഘം ഫൈസലിന്റെ വീട് വളഞ്ഞ്, അകത്തു നിന്ന് ഗേറ്റ് പൂട്ടിയായിരുന്നു പരിശോധന. ഇയാളിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആഷ്ലിയെ പിടികൂടിയത്. പ്രതികൾക്ക് എം.ഡി.എം.എ കിട്ടിയ ഉറവിടവും ഇത് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ജില്ല പൊലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജ് ജോസ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസഫ് ഇൻസ്പെക്ടർ ബി.കെ. അരുൺ, മാള എസ്.എച്ച്.ഒ സജിൻ ശശി, ഡാൻസഫ് എസ്.ഐ വി.ജി. സ്റ്റീഫൻ, ടീം അംഗങ്ങളായ പി.പി. ജയകൃഷ്ണൻ, സി.എ. ജോബ്, സി.വി. സൂരജ്, മിഥുൻ ആർ. കൃഷ്ണ, മാള എസ്.ഐ വി.വി. വിമൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments