KeralaLatest NewsNews

‘അഭിമാനവും സന്തോഷവും’: അച്ഛന് കരൾ പകുത്ത് നൽകി ദേവനന്ദ – രാജ്യത്തെ പ്രായം കുറഞ്ഞ അവയവ ദാതാവ്

തൃശൂർ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി കേരളത്തിലെ പതിനേഴുകാരി. പ്ലസ് ടു വിദ്യാർത്ഥിനിയായ ദേവാനന്ദയാണ് തന്റെ പിതാവിന് കരൾ പകുത്ത് നൽകിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് അവയവം ദാനം ചെയ്യാൻ നിയമം അനുവദിക്കാത്തതിനാൽ ഇളവ് ആവശ്യപ്പെട്ട് 12-ാം ക്ലാസ് വിദ്യാർഥിനി ദേവനന്ദ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ അനുവാദത്തോടെയാണ് സർജറി.

കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം, ഫെബ്രുവരി 9 ന് ദേവനന്ദ തന്റെ കരളിന്റെ ഒരു ഭാഗം രോഗിയായ പിതാവ് പ്രതീഷിന് ദാനം ചെയ്യുകയായിരുന്നു. വിട്ടുമാറാത്ത കരൾ രോഗത്താൽ ഏറെ നാളായി പ്രതീഷ് ബുദ്ധിമുട്ട് അനുഭവിച്ച് വരികയായിരുന്നു. 48 കാരനായ പ്രതീഷ് തൃശൂരിൽ ഒരു കഫേ നടത്തുന്നു. ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ദേവനന്ദയുടെ ധീരമായ പ്രയത്‌നത്തെ അഭിനന്ദിച്ച് ആശുപത്രി ശസ്ത്രക്രിയാ ചെലവ് ഒഴിവാക്കി.

ക്യാൻസർ ബാധയ്‌ക്കൊപ്പം കരൾ രോഗവും പിടിപെട്ടതോടെയാണ് പ്രതീഷിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. കുടുംബത്തിന് അനുയോജ്യനായ ദാതാവിനെ കണ്ടെത്താനാകാതെ വന്നതോടെയാണ് കരളിന്റെ ഒരു ഭാഗം പിതാവിന് നൽകാൻ ദേവനന്ദ തീരുമാനിച്ചത്. 1994 ലെ ട്രാൻസ്പ്ലാൻറേഷൻ ഓഫ് ഹ്യൂമൻ ഓർഗൻ ആക്ട് അനുസരിച്ച്, പ്രായപൂർത്തിയാകാത്തവരിൽ നിന്ന് അവയവങ്ങൾ ദാനം ചെയ്യാൻ വ്യവസ്ഥകൾ അനുവദിക്കുന്നില്ല.

സമാനമായ കേസിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുടെ അവയവദാനത്തിന് കോടതി അനുമതി നൽകിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ദേവനന്ദ തന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാനായി കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അനുമതി ലഭിച്ചതോടെ, ഡോക്ടർമാർ ദേവാനന്ദയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകി. ദേവനന്ദ തന്റെ ഭക്ഷണക്രമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയും കരൾ ദാനം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല അവസ്ഥയിലാണെന്ന് ഉറപ്പാക്കാൻ പതിവ് വ്യായാമങ്ങളുമായി ഒരു പ്രാദേശിക ജിമ്മിൽ ചേരുകയും ചെയ്തു. ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം, ദേവനന്ദ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. അച്ഛന് കരൾ പകുത്ത് നൽകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും ആശ്വാസവും ഉണ്ടെന്ന് പെൺകുട്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button